ന്യൂഡൽഹി: പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബന്ധപ്പെടുത്തിയ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സ്വന്തം ആരോഗ്യത്തെ പ്രധാനമന്ത്രിയുമായി ബന്ധപ്പെടുത്തി ഖാർഗെ പൊതുവേദിയിൽ പ്രസംഗിച്ചത്, അങ്ങേയറ്റം ലജ്ജാവഹമാണെന്ന് അമിത് ഷാ എക്സിലൂടെ പ്രതികരിച്ചു.
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്നലെ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രിയെയും തന്നെയും എല്ലാ ബിജെപി നേതാക്കളെയും പരാമർശിച്ചത് അപമാനകരമാണ്. പ്രധാനമന്ത്രിയോടുള്ള കോൺഗ്രസിന്റെ വെറുപ്പും ഭയവുമാണ് ഇത് വ്യക്തമാക്കുന്നത്. എന്നാൽ, ഖാർഗെയുടെ ആരോഗ്യം സുഖപ്രദമാകാനാണ് തങ്ങൾ പ്രാർത്ഥിക്കുന്നത്. 2047-ഓടെ രാജ്യം വികസിത ഭാരതമാകുന്നത് കാണാൻ അദ്ദേഹം ജീവിച്ചിരിക്കണമെന്നും അമിത് ഷാ എക്സിൽ കുറിച്ചു.
കശ്മീരിലെ കത്വയിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്ന് അദ്ദേഹം പറയുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ അദ്ദേഹത്തെ കസേരയിലിരുത്തുകയും വെള്ളം നൽകുകയും ചെയ്തു. പിന്നീട് കുറച്ച് നേരം വിശ്രമിച്ച ശേഷം ഖാർഗെ പ്രസംഗം വീണ്ടും തുടർന്നു.
താൻ പെട്ടെന്നൊന്നും മരിക്കില്ലെന്നും മോദി സർക്കാരിനെ താഴെയിറക്കുന്നത് വരെ ജീവനോടെയുണ്ടാകുമെന്നും ഖാർഗെ പറഞ്ഞു. ഇതിനെതിരെയാണ് വിമർശനവുമായി അമിത് ഷാ രംഗത്തെത്തിയത്. ഖാർഗെയുടെ ആരോഗ്യവിവരം അന്വേഷിച്ച് പ്രധാനമന്ത്രി തന്നെ പിന്നീട് അദ്ദേഹത്തെ നേരിട്ട് വിളിച്ചിരുന്നു.