ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് മുന്നിൽ റെക്കോർഡുകൾ പലതും കടപുഴകി. അതിവേഗം 50 കടന്ന് റെക്കോർഡിട്ട ഇന്ത്യ 61 പന്തിൽ 100 കടന്ന് ചരിത്രം രചിച്ചു. ടെസ്റ്റ് ചരിത്രത്തിൽ അതിവേഗം സെഞ്ച്വറി നേടുന്ന ടീമായി ഇന്ത്യ. മുൻ റെക്കോർഡും ഇന്ത്യയുടെ പേരിൽ തന്നെയായിരുന്നു. 2012ൽ വിൻഡീസിനെതിരെ 12.2 ഓവറിലാണ് ഇന്ത്യ അന്ന് 100 കടന്നത്. 17.3 ഓവറിൽ 142/3 എന്ന നിലയിലാണ് ഇന്ത്യ.
ബംഗ്ലാദേശിനെ 233 റൺസിന് പുറത്താക്കി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് രോഹിത് ശർമ്മ- യശസ്വി ജയ്സ്വാൾ ജോഡി വിസ്ഫോടന തുടക്കമാണ് നൽകിയത്. മൂന്നോവറിലാണ് ടീം 50 കടന്നത്. 11 പന്തിൽ 23 റൺസുമായി രോഹിത് വീണെങ്കിലും ജയ്സ്വാൾ ആക്രമണത്തിന്റെ മൂർച്ച കൂട്ടി.പിന്നീട് 51 പന്തിൽ 72 റൺസുമായി താരം പുറത്താവുകയായിരുന്നു. 31 പന്തിലായിരുന്നു താരത്തിന്റെ അർദ്ധസെഞ്ച്വറി.
36 പന്തിൽ 39 റൺസെടുത്ത ശുഭ്മാൻ ഗില്ലാണ് പുറത്തായ മറ്റൊരു ബാറ്റർ. ഋഷഭ് പന്ത്(5), വിരാട് കോലി (1) എന്നിവരാണ് ക്രീസിൽ.നേരത്തെ മൂന്ന് വിക്കറ്റ് നേടിയ ബുമ്രയും രണ്ടുവിക്കറ്റ് വീതം വീഴ്‌ത്തിയ മൊഹമ്മദ് സിറാജ്, രവിചന്ദ്രൻ അശ്വിൻ,ആകാശ് ദീപ് എന്നിവരും ഒരു വിക്കറ്റ് നേടിയ ജഡേജയും ചേർന്നാണ് ബംഗ്ലാദേശിനെ ചുരുട്ടുക്കൂട്ടിയത്.