ബെംഗളൂരു: കഴിഞ്ഞ ആറ് വർഷമായി വ്യാജ മേൽവിലാസവുമായി ബെംഗളൂരുവിൽ കഴയുന്ന പാകിസ്താൻ പൗരനും കുടുംബവും അറസ്റ്റിൽ. കേന്ദ്ര ഏജൻസികളുടെ സംയുക്ത ഓപ്പറേഷനിലാണ് ബെംഗളൂരുവിലെ ജിഗാനിയിൽ താമസിച്ചിരുന്ന 48 കാരനായ റാഷിദ് അലി സിദ്ദിഖിയെ ഭാര്യയ്‌ക്കും മരുമക്കൾക്കും ഒപ്പം അറസ്റ്റ് ചെയ്തത്. ഇയാൾ ശങ്കർ ശർമ്മ എന്ന പേരിലാണ് ബംഗളുരുവിൽ താമസിച്ചിരുന്നത്. അസം ULFA IED കേസിൽ ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയതിനുപിന്നാലെയാണിത്. ഇയാൾ ജിഗാനിയിൽ തന്നെ സുരക്ഷാ ജീവനക്കാരനായി ഒളിവിൽ കഴിയുകയായിരുന്നു.
കഴിഞ്ഞ ദിവസം പാക് പൗരന്റെ വീട്ടിൽ എൻഐഎ റൈഡ് നടത്തിയിരുന്നു. തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്യുകയായിരുന്നു. ഇയാളുടെ ഭാര്യ ബംഗ്ലാദശ് സ്വദേശിയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പാക് പൗരൻ ഇവരെ ധാക്കയിൽവച്ച് കണ്ടുമുട്ടുകയും വിവാഹം ചെയ്യുകയുമായിരുന്നു.
2014 ൽ അനധികൃതമായി ഇന്ത്യയിലെത്തിയ ദമ്പതികൾ ആദ്യം ഡൽഹിയിലാണ് താമസിച്ചിരുന്നത്. തുടർന്ന് 2018 ലാണ് ബെംഗളൂരുവിലെത്തുന്നത്. വ്യാജ പേരുകൾ സ്വീകരിച്ച ഇവർ ഒരു പ്രാദേശിക ഏജന്റിന്റെ സഹായത്തോടെ വ്യാജ തിരിച്ചറിയൽ രേഖകളും നിർമ്മിച്ചു. ആത്മീയ നേതാവായ മതപ്രഭാഷകന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ബംഗ്ലാദേശിൽ നിന്നും തന്നെ ഇന്ത്യയിലേക്ക് അയച്ചതാണെന്നാണ് പ്രതി ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇയാൾ സ്ലീപ്പർ സെല്ലിന്റെ ഭാഗമാകാനാണ് സാധ്യതയെന്ന് പൊലീസ് സംശയിക്കുന്നു.















