എറണാകുളം: മുഖ്യമന്ത്രിയുടെ വിശ്വാസ്യത ഇത്രയധികം തകർന്ന സാഹചര്യം ഇതിന് മുൻപുണ്ടായിട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ തെറ്റായ പ്രവണതകൾ എൽഡിഎഫിലെ എംഎൽഎ തന്നെ അക്കമിട്ട് തുറന്നു പറഞ്ഞുവെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. കൊള്ളക്കാരുടെ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൊച്ചിയിൽ ബിജെപി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
” കൊള്ളക്കാരുടെ താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. മുഖ്യമന്ത്രിയുടെ വിശ്വാസ്യത തകർന്ന സാഹചര്യം ഇതിന് മുൻപുണ്ടായിട്ടില്ല. ഭരണപക്ഷത്തിനെതിരെ ബിജെപി ഉന്നയിച്ച കാര്യങ്ങൾ ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതും വ്യക്തമാക്കുന്നതുമാണ് ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ. പണത്തിനും, അധികാരത്തിനും, അഴിമതിക്കും വേണ്ടി എല്ലാ നയങ്ങളും തത്വങ്ങളും ഒഴിവാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വവും മുന്നോട്ട് പോകുന്നത്.”- കെ സുരേന്ദ്രൻ പറഞ്ഞു.
തൃശൂർ പൂരം കലക്കിയാണ് സുരേഷ് ഗോപി ജയിച്ചതെന്ന വ്യാജപ്രചരണങ്ങളാണ് മറ്റുള്ളവർ നടത്തുന്നത്. ഏതെങ്കിലും പൂരം കലക്കിയിട്ടല്ല സുരേഷ് ഗോപി വിജയിച്ചത്. ജനങ്ങളുടെ ഹൃദയം കീഴടക്കിയാണ് സുരേഷ് ഗോപി വിജയിച്ചതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പിണറായി സർക്കാരിന് രാഷ്‌ട്രീയമോ ധാർമ്മിതകതയോ നിലനിർത്താൻ കഴിയാതെയായിരിക്കുന്നു. മുഖ്യമന്ത്രി രാജിവച്ച് തെരഞ്ഞെടുപ്പ് നേരിടാൻ തയ്യാറാകണമെന്നും കെ. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.