ജോലിഭാരം താങ്ങാനാകാതെ പൊതുമേഖല ബാങ്കിന്റെ മാനേജർ അടൽ സേതു പാലത്തിൽ നിന്ന് കടലിൽ ചാടി മരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു 40-കാരൻ ജീവനൊടുക്കിയത്. കാർ പാലത്തിൽ നിർത്തിയിട്ട ശേഷമാണ് ഇയാൾ കടുംകൈ കാട്ടിയത്. സുശാന്ത് ചക്രവർത്തിയെന്ന യുവാവാണ് ജീവനൊടുക്കിയത്. വാഹനം പരിശോധിച്ചപ്പോഴാണ് തിരിച്ചറിയൽ രേഖകളുൾപ്പെടെ പൊലീസിന് ലഭിച്ചത്.
പാരേൽ സ്വദേശിയായ ഇയാൾ ഭാര്യക്കും മകൾക്കുമൊപ്പമാണ് താമസിച്ചിരുന്നത്. അന്വേഷണത്തിൽ സുശാന്ത് ജോലിഭാരം കാരണമുള്ള മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായി ഭാര്യ പൊലീസിനെ അറിയിച്ചു. സുശാന്തിന്റെ ബന്ധുക്കളെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. ഫോർട്ടിലെ ഹുതാത്മ ചൗക്ക് ശാഖയിലെ മാനേജരായിരുന്നു സുശാന്ത്.
.സുശാന്ത് ചക്രവർത്തിയുടെ മൊബൈൽ ഫോൺ കണ്ടെത്തി പരിശോധന നടത്തിയെങ്കിലും ആത്മഹത്യ കുറിപ്പൊന്നും ലഭിച്ചിട്ടില്ല. സുശാന്ത് വാരാന്ത്യത്തിൽ ഭാര്യയും മകൾക്കുമൊപ്പം പുറത്തുപോകാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും അത്തരത്തിൽ പോയി. തിങ്കളാഴ്ച പതിവ് പോലെ ഓഫീസിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. തുടർന്ന് ബാങ്കിലേക്ക് പോകാതെ നേരെ അടൽ സേതുവിലെത്തി വാഹനം നിർത്തി താഴേക്ക് ചാടിയെന്നുമാണ് പൊലീസ് ഭാഷ്യം. ചക്രവർത്തിയുടെ മൃതദേഹം കണ്ടെത്താൻ തെരച്ചിൽ നടക്കുന്നുണ്ട്.\