ന്യൂഡൽഹി: പ്രളയബാധിത സംസ്ഥാനങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഗുജറാത്ത്, മണിപ്പൂർ, ത്രിപുര എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര സർക്കാർ ദുരിതാശ്വാസ സഹായം അനുവദിച്ചത്. ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും 675 കോടിയാണ് അനുവദിച്ചിരിക്കുന്നത്.
എസ്ഡിആർഎഫിൽ നിന്ന് 600 കോടി ഗുജറാത്തിനും മണിപ്പൂരിന് 50 കോടിയും ത്രിപുരയ്‌ക്ക് 25 കോടിയും നൽകാൻ കേന്ദ്രം അനുമതി നൽകി. ഈ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ, 21 സംസ്ഥാനങ്ങൾക്കായി 9,044 കോടി രൂപയുടെ ധനസഹായമാണ് എസ്ഡിആർഎഫിൽ നിന്നും അനുവദിച്ചത്.
അസം, മിസോറാം, കേരളം, ത്രിപുര, നാഗാലാൻഡ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളെയാണ് പ്രകൃതി ദുരന്തങ്ങൾ ബാധിച്ചത്. ഈ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി ആളുകൾക്കാണ് ജീവൻ നഷ്ടമായത്.
സംസ്ഥാനങ്ങളിലെ നാശനഷ്ടങ്ങൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ടീമുകളെ (ഐഎംസിടി) നിയോഗിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷമായിരിക്കും മറ്റ് സംസ്ഥാനങ്ങൾക്കുള്ള ധനസഹായം പ്രഖ്യാപിക്കുക. ദുരന്തബാധിത സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.