കണ്ണൂർ: എംഎൽഎ പി വി അൻവർ ഉയർത്തിയ വിവാദങ്ങൾ കത്തിപ്പടരുമ്പോൾ സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരി വിടവാങ്ങി രണ്ട് വർഷം പിന്നിടുമ്പോഴാണ് അദ്ദേഹത്തിന്റെ വീട്ടുവളപ്പിൽ നിർമിച്ച വെങ്കല പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തത്.
കോടിയേരിയുടെ കുടുംബം സംഘടിപ്പിച്ച പരിപാടിയിൽ വിവിധ രാഷ്‌ട്രീയ നേതാക്കൾ പങ്കെടുത്തു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് തുടങ്ങിയവരും പങ്കെടുത്തു. പ്രതിസന്ധികളിൽ പാർട്ടിയെ ഉലയാതെ കാക്കുന്ന, ദിശാബോധം തെറ്റാതെ മുന്നോട്ടു നയിക്കുന്ന നേതാവായി സഖാവ് കോടിയേരി നിലക്കൊണ്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പിവി അൻവറിന് മറുപടി നൽകാനുള്ള തയ്യാറെടുപ്പിലാണ് സിപിഎമ്മും. ഇതിന്റെ ഭാഗമായി നിലമ്പൂർ ചന്തക്കുന്നിൽ പൊതുയോഗം സംഘടിപ്പിക്കാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം എകെജി സെന്ററിൽ പൊതുദർശനത്തിന് വച്ചില്ലെന്ന് പി വി അൻവർ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും അന്ന് യൂറോപ്പിലേക്ക് പോകാൻ വേണ്ടിയായിരുന്നു പൊതുദർശനം ഒഴിവാക്കിയതെന്നും അൻവർ ആരോപിച്ചിരുന്നു. പി വി അൻവർ ഉയർത്തിയ വിവാദങ്ങൾക്കിടയിലാണ് മുഖ്യമന്ത്രി കോടിയേരിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത്.