എറണാകുളം: യുവനടി ഉന്നയിച്ച പീഡനാരോപണവുമായി ബന്ധപ്പെട്ട കേസിൽ നടൻ നിവിൻ പോളിയെ ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥ ഐശ്വര്യ ഡോഗ്റെയാണ് ചോദ്യം ചെയ്തത്. നിവിൻ ദുബായിൽ വച്ച് പീഡിപ്പിച്ചുവെന്ന നേര്യമംഗലം സ്വദേശിനിയുടെ പരാതിയിലാണ് താരത്തെ ചോദ്യം ചെയ്തത്.
പരാതിയ്‌ക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന നിവിന്റെ പരാതിയിൽ താരത്തിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. തനിക്കെതിരെയുള്ള ആരോപണം വ്യാജമാണെന്ന് നിവിൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി വിശദമായ അന്വേഷണം ആവശ്യപ്പെട്ട് നിവിൻ പോളി മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
പീഡനം നടന്നുവെന്ന് പരാതിക്കാരി ആരോപിക്കുന്ന സമയം താൻ കൊച്ചിയിലുണ്ടായിരുന്നെന്ന് തെളിയിക്കുന്ന രേഖകളും നിവിൻ അന്വേഷണ സംഘത്തിന് കൈമാറി. വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ ചിത്രീകരണത്തിനായി നിവിൻ കൊച്ചിയിലുണ്ടായിരുന്നെന്ന് സംവിധായകൻ വിനീത് ശ്രീനിവാസനും വ്യക്തമാക്കിയിരുന്നു.
നിവിനെതിരെയുള്ള ആരോപണം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി നടിയും അവതാരികയുമായ പാർവതി കൃഷ്ണയും രംഗത്തെത്തിയിരുന്നു. നിവിൻ കൊച്ചിയിലുണ്ടെന്ന് തെളിയിക്കുന്ന വീഡിയോയും ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇതും അന്വേഷണ സംഘത്തിന്റെ പരിഗണനയിലുണ്ട്.
നിവിൻ പോളി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയെയും ഭർത്താവിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.