മലയാള സിനിമയിലെ ഇതിഹാസങ്ങൾ വീണ്ടും ഒന്നിച്ചെത്തുന്നു. 16 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് മോഹൻലാലും മമ്മൂട്ടിയും വീണ്ടും വെള്ളിത്തിരയിൽ മുഴുനീള വേഷത്തിനായി ഒരുമിച്ചെത്തുന്നത്. സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രത്തിലാണ് മലയാളത്തിന്റെ ബിഗ് M-സ് വരുന്നതെന്നാണ് സൂചന. 2008-ൽ ജോഷി സംവിധാനം ചെയ്ത ട്വൻ്റി 20യിലാണ് അവർ അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും അഭിനയിക്കുമെന്നും ഒരു സൂചനയുണ്ട്.
കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിൽ മോഹൻലാൽ ഒരു കാമിയോ റോളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് 11 വർഷം മുൻപായിരുന്നു. മോഹൻലാലായി തന്നെയാണ് അന്ന് രഞ്ജിത്ത് സിനിമയിൽ എത്തിയത്. മമ്മൂട്ടി കമ്പനിയും ആശിർവാദ് സിനിമാസും പുതിയ ചിത്രത്തിനായി കൈകോർക്കുമെന്നാണ് സൂചനകൾ. ന്യൂഡൽഹി, ശ്രീലങ്ക, ലണ്ടൻ എന്നിവിടങ്ങളിലും ചിത്രീകരണം നടക്കുമെന്നാണ് വിവരം. ശ്രീലങ്കയാകും പ്രധാന ലൊക്കേഷൻ. ആൻ്റോ ജോസഫും മഹേഷ് നാരായണനും ശ്രീലങ്കയിലേക്ക് പോയതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതുവരെ അമ്പതിലേറെ ചിത്രങ്ങളിലാണ് മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയത്.















