ചെന്നൈ: മലേഷ്യയിൽ നിന്നും കടത്താൻ ശ്രമിച്ച അപൂർവയിനം ആമകളുമായി രണ്ടുപേർ ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ. കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഏകദേശം 4,000 ഓളം വിദേശ ആമകളെയാണ് ഇവർ കടത്താൻ ശ്രമിച്ചത്.
കസ്റ്റംസ് ആക്ട് 1962 പ്രകാരമുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സെപ്റ്റംബർ 27 നാണ് സംഭവം. വിദേശ വന്യജീവികളെ രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് പരിശോധന. പ്രതികൾ രണ്ടുപേരും ക്വാലാലംപൂരിൽ നിന്നുമെത്തിയവരാണ്.
ഇവർ കൊണ്ടുവന്ന പെട്ടികൾ പരിശോധിച്ചപ്പോഴാണ് ആമകളെ കണ്ടെത്തിയത്. 4,967 പച്ച ആമകളും 19 മഞ്ഞ നിറത്തിലുള്ള ആമകളുമാണ് ഉണ്ടയിരുന്നത്. റെഡ് ഇയേർഡ് സ്ലൈഡർ ടർട്ടിൽ, ആൽബിനോ-റെഡ് ഇയേർഡ് സ്ലൈഡർ ടർട്ടിൽ ഇനത്തിൽപ്പെട്ട ആമകളാണ് ഇവയെന്ന് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ അധികൃതർ സാക്ഷ്യപ്പെടുത്തി.