കോണിപ്പടിയിൽ നിന്ന് തെന്നി വീണ യുവക്രിക്കറ്റർക്ക് ദാരുണാന്ത്യം. ബംഗാൾ ക്രിക്കറ്റർ ആസിഫ് ഹൊസൈനാണ് (28) മരിച്ചത്. വീഴ്ചയിൽ ഗുരുതര പരിക്കേറ്റ താരത്തെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു. ബംഗാൾ ടി20 ലീഗിൽ മികച്ച പ്രകടനം നടത്തിയ താരം സീനിയർ ടീം സെലക്ഷനായി കാത്തിരിക്കുകയായിരുന്നു.
ബംഗാളിലെ ക്രിക്കറ്റ് താരങ്ങൾ ആസിഫിന്റെ മരണത്തിൽ അനുശോചിച്ചു. ബംഗാളിനായി വിവിധ പ്രായപരിധികളിൽ കളിച്ചിട്ടുള്ള താരമാണ് ആസിഫ്. ടി20 ലീഗിൽ 57 പന്തില്‍ 99 റണ്‍സടിച്ച് ആസിഫ് ഹൊസൈന്‍ തിളങ്ങിയിരുന്നു.ബംഗാള്‍ പ്രൊ ടി20 ടൂര്‍ണമെന്‍റില്‍ അഡ്മാസ് ഹൗറ വാരിയേഴ്സ് താരമായിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് ആസിഫ് ഹൊസൈന് വീട്ടിലെ പടിക്കെട്ടില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റത്. വീഴ്ചയില്‍ തലയിലേറ്റ ഗുരുതര പരിക്കാണ് മരണകാരണം.ഫസ്റ്റ് ഡിവിഷൻ ലീഗില്‍ സ്പോര്‍ട്ടിംഗ് ഡിവിഷനായി കളിക്കാന്‍ ആസിഫ് ഹൊസൈന്‍ ഈ വര്‍ഷം കരാറൊപ്പിട്ടിരുന്നു. രഞ്ജി ട്രോഫി കളിക്കുന്നതായിരുന്നു താരത്തിന്റെ സ്വപ്നം.