ടെൽ അവീവ്: ഇസ്രായേലിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈലാക്രമണം. ഇറാന്റെ ഭാഗത്തുനിന്നും മിസൈലാക്രമണം ഉണ്ടാകുമെന്ന യുഎസ് മുന്നറിയിപ്പിനുപിന്നാലെയാണ് വ്യോമാക്രമണം ആരംഭിച്ചത്. ജറുസലേമിൽ ഉൾപ്പെടെ അപായ സൈറണുകൾ മുഴങ്ങിയതായാണ് റിപ്പോർട്ടുകൾ.
ഏകദേശം 400 ഓളം മിസൈലുകൾ ഇറാൻ വിക്ഷേപിച്ചതായാണ് വിവരം. പലതും ഇസ്രയേലിന്റെ പ്രതിരോധ സംവിധാനം നിർവീര്യമാക്കിയെന്നും ചിലത് തുറസായ സ്ഥലങ്ങളിൽ പതിച്ചുവെന്നു ഇസ്രായേലി സേന പറഞ്ഞു. എന്നാൽ ജറുസലേമിൽ ഉൾപ്പെടെ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്.
മിസൈലാക്രമണ മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്തെ ജനങ്ങൾ ബങ്കറുകൾ ഉൾപ്പെടെയുള്ള സുരക്ഷിത സ്ഥാനങ്ങളിൽ അഭയം പ്രാപിക്കണമെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചിരുന്നു.
ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിലും ഭീകരരുടെ വെടിവയ്‌പ്പുണ്ടായി. ജാഫയിലെ ജെറുസലേം സ്ട്രീറ്റിലാണ് സംഭവം. വെടിവയ്പ്പിൽ 9 പേർക്ക് പരിക്കേറ്റു. ഇതിൽ നാലുപേരുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ടുകൾ. ഭീകരരെ ഇസ്രായേലി സൈന്യം വധിച്ചു. അതേസമയം, ഇറാൻ നേരിട്ടൊരു ആക്രമണത്തിന് മുതിർന്നാൽ ശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി.















