ലണ്ടൻ: ഇസ്രായേലിൽ ഇറാൻ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ. ഇസ്രായേലിന്റേയും രാജ്യത്തെ സാധാരണക്കാരുടെ സുരക്ഷയിലും ബ്രിട്ടൺ അടിയുറച്ച പിന്തുണ നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് കെയർ സ്റ്റാർമർ ഉറപ്പ് നൽകി. ആക്രമണമുണ്ടായതിന് പിന്നാലെ നെതന്യാഹുവുമായി കെയർ സ്റ്റാർമർ സംസാരിച്ചുവെന്നും, പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷ സാഹചര്യങ്ങളെ കുറിച്ചും ചർച്ചകൾ നടത്തിയതായും അദ്ദേഹത്തിന്റെ ഓഫീസ് വക്താവ് അറിയിച്ചു.
ആക്രമണത്തെ ഏറ്റവും ശക്തമായി തന്നെ അപലപിക്കുന്നതായി കെയർ സ്റ്റാർമർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ” ഇത് അംഗീകരിക്കാനാകുന്ന കാര്യമല്ല. ഞങ്ങൾ ഇസ്രായേലിനൊപ്പം ശക്തമായി അടിയുറച്ച് നിൽക്കും. ഈ ആക്രമണത്തിനെതിരെ ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന കാര്യം ഞങ്ങൾ അംഗീകരിക്കുന്നു. ഇറാൻ ഈ ആക്രമണങ്ങൾ അവസാനിപ്പിക്കണം” സ്റ്റാർമർ പറഞ്ഞു.
ലെബനനിൽ ഹിസ്ബുള്ള ഭീകരർക്കെതിരായി ഇസ്രായേൽ നടത്തിയ ആക്രമണത്തിന് മറുപടിയായിട്ടാണ് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതെന്നാണ് ഇറാന്റെ അവകാശവാദം. ആക്രമണത്തിന് ഏറ്റവും ശക്തമായ രീതിയിൽ തന്നെ മറുപടി നൽകുമെന്ന് ഇസ്രായേലും വ്യക്തമാക്കിയിട്ടുണ്ട്. സ്വയം പ്രതിരോധത്തിന് തയ്യാറെടുക്കുന്ന ഇസ്രായേലിനെ സഹായിക്കാൻ ബ്രിട്ടന്റെ സൈന്യം ഉണ്ടാകുമോ എന്ന ചോദ്യത്തിന്, വിഷയത്തിൽ വരും മണിക്കൂറുകളിൽ വ്യക്തത വരുമെന്നാണ് സ്റ്റാർമർ മറുപടി പറഞ്ഞത്.
ഇസ്രായേലിന് ശക്തമായ പിന്തുണ നൽകുമെന്നും ഇറാന്റെ ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ കൂടി സഹായത്തോടെയാണ് ബാലിസ്റ്റിക് മിസൈലുകൾ ഇസ്രായേൽ തടഞ്ഞത്. ഇറാന്റെ ആക്രമണത്തിന് പിന്നാലെ ജോർദാൻ രാജാവ് അബ്ദുള്ള, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് എന്നിവരുമായും കെയർ സ്റ്റാർമർ സംസാരിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്.