തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മൂന്നാം തീയതിയും ഇതേ ജില്ലകൾക്ക് യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി ഉയർന്ന തിരമാലയ്‌ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസം നിലനിൽക്കുന്നതിനാൽ കടലിലേക്കുള്ള യാത്രകൾ ഒഴിവാക്കാനും അധികൃതർ നിർദേശം നൽകി. മത്സ്യത്തൊഴിലാളികളും, തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കടലിലേക്കിറങ്ങുന്നത് ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.