വാഷിംഗ്ടൺ: റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് ആവർത്തിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. സംഘർഷം പരിഹരിക്കാൻ സാധ്യമായ ശ്രമങ്ങൾ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുരാജ്യങ്ങളിലും നടത്തിയ സന്ദർശനത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. റഷ്യയും യുക്രെയ്‌നും ഒരേപോലെ സന്ദർശിക്കാനും ഈ രാജ്യങ്ങളിലെ നേതാക്കളുമായി ചർച്ചകൾ നടത്താനും കഴിയുന്ന അധികം നേതാക്കൾ ഇല്ലെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.
ജൂലൈയിൽ റഷ്യയും ഓഗസ്റ്റിൽ യുക്രെയ്‌നും പ്രധാനമന്ത്രി സന്ദർശിച്ചിരുന്നു. ” രാജ്യങ്ങൾ തമ്മിൽ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളോ തർക്കങ്ങളോ ഉണ്ടെങ്കിൽ അത് യുദ്ധത്തിലൂടെ പരിഹരിക്കപ്പെടുമെന്ന് ഞങ്ങൾ കരുതുന്നില്ല. അതാണ് ഇന്ത്യയുടെ നിലപാട്. ഏതെങ്കിലും തരത്തിലുള്ള ഫലം ലഭിക്കണമെന്നുണ്ടെങ്കിൽ അവിടെ ചർച്ചകൾ നടന്നിരിക്കണം. പ്രധാനമന്ത്രി യുക്രെയ്‌നിൽ നടത്തിയ യാത്രയ്‌ക്ക് ശേഷം ഞങ്ങളുടെ സുരക്ഷാ ഉപദേഷ്ടാവ് റഷ്യയിലേക്ക് തിരിച്ചു.
പ്രധാനമന്ത്രി കഴിഞ്ഞയാഴ്ചയും സെലൻസ്‌കിയുമായി കണ്ട് സംസാരിച്ചു. ഇതിനിടെ വ്യത്യസ്ത തലങ്ങളിൽ സുരക്ഷാ ഉപദേഷ്ടാവ് ഉത്തരവാദിത്വപ്പെട്ട ആളുകളുമായി സംസാരിക്കുന്നത് തുടരുന്നുണ്ട്. എന്നാൽ ഇക്കാര്യങ്ങൾക്കൊന്നും അധികം പ്രചാരണം കൊടുക്കുന്നില്ല. റഷ്യയുടേയും യുക്രെയ്‌നിന്റേയും ഇടയിൽ സാധ്യമായ എല്ലാ പ്രശ്‌നപരിഹാരത്തിനും ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് തുടർച്ചയായ ശ്രമങ്ങൾ ഉണ്ടാകുന്നത്.
ആശയവിനിമയം നടത്തുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. രണ്ട് രാജ്യങ്ങളിൽ പോകാനും രണ്ട് നേതാക്കളുമായി സംസാരിക്കാനും കഴിയുന്ന അധികം രാജ്യങ്ങളില്ല. സംഘർഷം അവസാനിപ്പിക്കാൻ സാധിക്കുന്ന എന്തെങ്കിലും സഹായങ്ങൾ ചെയ്യാനാണ് എല്ലായ്‌പ്പോഴും ശ്രമിച്ചിട്ടുള്ളത്. കാരണം സംഘർഷങ്ങൾ എല്ലാവരുടേയും ജീവിതത്തെ ബുദ്ധിമുട്ടുള്ളതാക്കി മാറ്റുകയാണ്. ലോകമെമ്പാടും ഇതിന്റെ ആശങ്കകളും പ്രത്യാഘാതങ്ങളും പരക്കുമെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.















