തൃശൂർ: രാഷ്‌ട്രപിതാവ് ഗാന്ധിജിയുടെ ജന്മദിനം എന്നതിലുപരി അർപ്പണത്തോടെയും ആദരവോടെയും ലോകജനത ആചരിക്കുന്ന ദിനമായി മാറുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. 2014-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്ത സ്വച്ഛ് ഭാരത് മിഷൻ തുടക്കം കുറിച്ചത് പുതിയൊരു ഭാരതത്തിലേക്കുള്ള യാത്രയായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. തളിക്കുളം സ്‌നേഹതീരം ബീച്ചിൽ സ്വച്ഛ്ഭാരത് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
” വൃത്തിയിലൂടെ ആരോഗ്യപൂർണമായ നല്ലൊരു തലമുറയെ വാർത്തെടുക്കുന്നതിനായാണ് സ്വച്ഛ്ഭാരത് മിഷന് പ്രധാമന്ത്രി തുടക്കമിട്ടത്. ഭൂമി ദേവിയെ അമ്മയായി കണക്കാക്കി ജീവിക്കുന്നവരാണ് ലോകജനത. ആ അമ്മയുടെ ഉള്ളകം വൃത്തിയാക്കി സൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. സ്വച്ഛ്ഭാരത് അഭിയാനിലൂടെ ഇത് കൃത്യമായി നടപ്പിലാക്കാൻ സാധിക്കുന്നുവെന്നത് ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്നു. വൃത്തി ഓരോരുത്തരുടെയും ജീവിതത്തിൽ അനിവാര്യമായ ഒന്നാണ്. ഇതിന് തുടക്കം കുറിക്കാത്തവർക്ക് ഇന്ന് അതിനുള്ള അവസരമാണ്. എക്കാലവും ശുചിത്വപൂർണമായ ജീവിതം നയിക്കാൻ നമുക്ക് സാധിക്കണം. വീടും പരിസരവും എന്നും വൃത്തിയാക്കി കാത്തുസൂക്ഷിക്കണം.”- സുരേഷ് ഗോപി പറഞ്ഞു.
ഇന്ന് ഓടകളിലേക്കും മറ്റ് പൊതുയിടങ്ങളിലേക്കും മാലിന്യങ്ങൾ വലിച്ചെറിയുന്ന പ്രവണതയാണുള്ളത്. ഇത് കാലാവസ്ഥാ വ്യതിയാനത്തിലേക്ക് വരെ കൊണ്ടെത്തിക്കുന്നു. മഴ പെയ്യുമ്പോൾ എല്ലാ മാലിന്യങ്ങളും ഒഴുകി കടലിലേക്കും പതിക്കുന്നു. ഇതെല്ലാം ഭാവിയിൽ നമ്മുടെ തലമുറയ്‌ക്ക് ദോഷമായി ബാധിക്കുന്നതാണെന്ന ബോധം നമുക്കുണ്ടാവണമെന്നും സുരേഷ് ഗോപി പറഞ്ഞു.
കടലോരങ്ങൾ വൃത്തിയാക്കി സൂക്ഷിക്കണമെന്ന പാഠമാണ് മനുഷ്യർ മനസിലാക്കേണ്ടത്. ശുചിത്വം ജീവിതത്തിന്റെ ദിനചര്യയായി മാറ്റാൻ കുട്ടികൾ മുതൽ മുതിർന്നവർ വരെ ശ്രമിക്കണമെന്നും ഇത്തരത്തിൽ ഓരോ തരിമണ്ണും സ്വർണത്തരികളായി മാറ്റിയെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.















