തൃശൂർ: വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കേ ഗോപുരം ചോർന്നൊലിച്ച സംഭവത്തിൽ നടപടി ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആർക്കിയോളജിക്കൽ സർവ്വേ ഉദ്യോഗസ്ഥരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ അവർ തന്നിട്ടില്ല, പകരം താൻ റിപ്പോർട്ട് നൽകുമെന്നും വിഷയം ക്യാബിനറ്റിൽ അവതരിപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത് ഉദ്യോഗസ്ഥരുടെ മാത്രം രാജ്യമല്ലല്ലോയെന്നും കേന്ദ്രമന്ത്രി ചോദിച്ചു. തെക്കേ ഗോപുരനട ചോർന്നൊലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടുള്ള ജനം ടിവി വാർത്തയെ തുടർന്നാണ് നടപടി.
കാലങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്തതുകാരണം മഴക്കാലത്ത് ചോർന്നൊലിക്കുകയാണ് വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കേ ഗോപുരം. മൂന്നു നിലകളിലായുള്ള ഗോപുരത്തിന്റെ അടിഭാഗം വരെ വെള്ളം വീഴുന്ന ദൃശ്യങ്ങളാണ് ജനം ടിവി പുറത്തു വിട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടും ആർക്കിയോളജിക്കൽ സർവേ ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചില്ല. പകരം സംഭവത്തിന്റെ ഗൗരവം പുറത്തറിയിച്ച താത്കാലിക ജീവനക്കാർക്കെതിരെയായിരുന്നു ഉദ്യോഗസ്ഥരുടെ നടപടി. പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപി സോണൽ ഉദ്യോഗസ്ഥനെ നേരിട്ട് ബന്ധപ്പെട്ട് റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ തനിക്ക് ഇതുവരെയും റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും പകരം താൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പലയിടത്തും മരത്തട്ട് ദ്രവിച്ച നിലയിലാണ്. അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ ഗോപുരത്തിന് ബലക്ഷയം സംഭവിക്കാൻ സാധ്യതയുണ്ട്. ചോർച്ച സംബന്ധിച്ച് കൊച്ചിൻ ദേവസ്വം ബോർഡിനെ ദേവസ്വം മാനേജർ വിവരം അറിയിച്ചിരുന്നു. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ താത്കാലിക ജീവനക്കാരുടെ ശമ്പളം തടഞ്ഞു വെക്കുന്ന സമീപനം ആർക്കിയോളജിക്കൽ സർവേ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായതായും പരാതിയുണ്ട്. ചോർച്ചയുടെ ദൃശ്യങ്ങൾ പുറത്തുവരാതിരിക്കാൻ ഗോപുരനട അകത്തുനിന്ന് പൂട്ടിയിട്ടിരിക്കുകയാണ്. ക്യാബിനറ്റിന്റെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരുമെന്നും അടിയന്തര നടപടി ആവശ്യപ്പെടുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.