പരിക്കിനെ തുടർന്ന് എകദിന ലോകകപ്പിന് ശേഷം മുഹമ്മദ് ഷമി ക്രിക്കറ്റ് കളിച്ചിട്ടില്ല. കണങ്കാലിനേറ്റ പരിക്കിനെ തുടർന്നാണ് താരത്തിന് ഒരുവർഷത്തോളമായി പുറത്തിരിക്കേണ്ടി വന്നത്. ടെലിഗ്രാഫിന്റെ റിപ്പോർട്ട് പ്രകാരം ഷമിയുടെ കണങ്കാലിന് വീണ്ടും നീർക്കെട്ടുണ്ട്. കുറച്ച് ആഴ്ചകൾ കൂടി താരത്തിന് പുറത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.
നിലവിലെ സാഹചര്യത്തിൽ ഷമിക്ക് ആറുമുതൽ എട്ടാഴ്ചവരെ വിശ്രമം വേണ്ടിവരുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ പറയുന്നത്. ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ താരം ഇതുവരെയും പൂർണതോതിൽ ബൗൾ ചെയ്ത് തുടങ്ങിയിട്ടില്ല. പരിശീലനത്തിന് വേണ്ടി കുറഞ്ഞ റണ്ണപ്പിൽ തുടങ്ങിയിരുന്നെങ്കിലും അതും നിർത്തേണ്ട സാഹചര്യമാണ്.
ഓസ്ട്രേലിയൻ പരമ്പരയിലും ഷമി കളിക്കുന്ന കാര്യം സംശയമെന്നാണ് എൻസിഎ വൃത്തങ്ങൾ അറിയിക്കുന്നത്. താരത്തെ തിരികെ കൊണ്ടുവരാൻ മെഡിക്കൽ ടീം നന്നായി പരിശ്രമിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. നവംബർ 22നാണ് ബോർഡർ-ഗവാസ്കർ ട്രോഫി ആരംഭിക്കുന്നത്. ന്യൂസിലൻഡിനെതിരെയും പരമ്പര വരാനുണ്ട്.















