വിചിത്രമായ ഒരു ഒളിച്ചോട്ടത്തിന്റെ വാർത്തയാണ് മദ്ധ്യപ്രദേശിലെ ഛത്തർപൂരിൽ നിന്ന് പുറത്തുവരുന്നത്. യുവതി ഭർത്താവിന്റെ ഇളയ സഹോദരനൊപ്പം ഒളിച്ചോടിയതാണ് വാർത്ത. സൗന്ദര്യമുള്ള കുഞ്ഞിനെ പ്രസവിക്കാനാണ് ഒളിച്ചോട്ടമെന്നതാണ് വിചിത്രമായ കാരണം. സഹോദരൻ സുന്ദരനായതിനാൽ അവനൊട് പ്രണയം തോന്നിയെന്നും യുവതി പറഞ്ഞുവെന്ന് ഭർത്താവ് വെളിപ്പെടുത്തി.
ഒളിച്ചോട്ടത്തിന്റെ പേരിൽ നാണംകെടുത്തിയാൽ ആത്മഹത്യ ചെയ്യുമെന്നും തന്നെ പ്രതിയാക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തുന്നതായി ഭർത്താവ് എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു. അവൾ എന്നെ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല, എനിക്കാപ്പം കുഞ്ഞിനെയും ആഗ്രഹിക്കാതെയാണ് ഉപേക്ഷിച്ചത്. എന്റെ സഹോദരൻ സുന്ദരനായതിനാലാണ് അവനൊപ്പം പോയതെന്നും യുവാവ് പരാതിയിൽ പറഞ്ഞു. പത്തുവർഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്, ഭാര്യയുടെ മനസുമാറ്റാൻ പൂജയടക്കമുള്ള കാര്യങ്ങൾ ചെയ്തെങ്കിലും ഫലമുണ്ടായില്ല.
ഭാര്യയിൽ നിന്ന് സുരക്ഷ ആവശ്യപ്പെട്ടാണ് യുവാവും കുടുംബവും പൊലീസിനെ സമീപിച്ചത്. നിരന്തരമായി സ്ത്രീയിൽ നിന്ന് ഭീഷണി സന്ദേശങ്ങൾ വരുന്നുണ്ടെന്നാണ് പരാതി. അവൾ ആർക്കൊപ്പം കഴിഞ്ഞാലും പ്രശ്നമില്ലെന്നും ഞങ്ങളെ ദ്രോഹിക്കരുതെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. മിസിംഗ് പരാതി രജിസ്റ്റർ ചെയ്ത പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.















