സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം വേട്ടയാന്റെ ട്രെയിലർ പുറത്തിറങ്ങി. രജനികാന്ത്, മഞ്ജു വാര്യർ എന്നീ താരങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടത്.
വേട്ടയാനിലെ രജനികാന്തിന്റെ കഥാപാത്രം എന്തെന്നറിയാൻ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. ഇപ്പോഴിതാ, പൊലീസ് വേഷത്തിൽ രജനികാന്തിനെ കണ്ടതോടെ ആശംസകളറിയിച്ച് നിരവധി പേരും രംഗത്തെത്തി. അമിതാഭ് ബച്ചന്റെയും രജനികാന്തിന്റെയും മാസ് ഡയലോഗുകളും ഉൾപ്പെടുത്തിയാണ് ട്രെയിലർ. പൊലീസ് സന്നാഹം, ജയിൽ, മാദ്ധ്യമങ്ങൾ, കേസന്വേഷണം എന്നിവയാണ് ട്രെയിലറിലുള്ളത്.
ഒരു കൊലപാതകക്കേസ് അന്വേഷിക്കുന്നതിലൂടെയാണ് സിനിമ കടന്നുപോകുന്നതെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാണ്. രജനികാന്തിന്റെ ഉഗ്രൻ ആക്ഷൻ രംഗങ്ങളും വീഡിയോയിലുണ്ട്. റാണ ദഗുബതി, ഫഹദ് ഫാസിൽ, അഭിരാമി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നത്.