തൃശൂർ: കേരളത്തിലെ നമ്പര്‍വണ്‍ റെയില്‍വേ സ്റ്റേഷനാകാന്‍ ഒരുങ്ങി തൃശൂര്‍ റെയിൽവേ സ്റ്റേഷൻ. അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയിൽ ഉള്‍പ്പെടുത്തി പുനർനിർമ്മാണത്തിനായി 393.57 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. എയർപോർട്ട് മാതൃകയിൽ ഒരുങ്ങുന്ന റെയിൽവേ സ്റ്റേഷന്റെ പുതിയ രൂപരേഖയിൽ തീരുമാനമായതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു.
നിര്‍ദിഷ്ട റെയില്‍വേ സ്റ്റേഷന്റെ മാതൃകയിലൊന്ന് ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷന്‍ സാമൂഹ്യ മാദ്ധ്യമങ്ങളിൽ മുൻപ് പങ്കുവെച്ചിരുന്നു. അത്യാധുനിക സൗകര്യങ്ങളോടെ കണ്ണഞ്ചിപ്പിക്കുന്ന പുതിയ റെയിൽവേ സ്റ്റേഷനാകും പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ശേഷം തൃശൂരിലെത്തുന്നവർക്ക് കാണാൻ സാധിക്കുക. ലിഫ്റ്റുകളും എസ്‌കലേറ്ററുകളും കൂടുതൽ സജ്ജീകരിച്ച് വിപുലമായ പാർക്കിംഗ് സൗകര്യത്തോടെ വിമാനത്താവള മാതൃകയിലാകും നിർമ്മാണം. മൂന്നു ഡിസൈനുകൾ മുന്നോട്ട് വച്ചതിൽ പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം ഡിസൈൻ വൺ തിരഞ്ഞെടുക്കുകയും അത് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് പുനർനിർമ്മാണ പ്രക്രിയകൾ വേഗത്തിലാക്കുമെന്നും തൃശൂർ കളക്ടറേറ്റിൽ നടന്ന ചർച്ചയ്‌ക്ക് ശേഷം കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു.
നിലവിലുള്ള സൗകര്യങ്ങളേക്കാൾ പതിന്മടങ്ങ് സൗകര്യം പുതിയ റെയിൽവേ സ്റ്റേഷനിൽ ഉണ്ടാകുമെന്നും ഡിസൈൻ കണ്ടപ്പോൾ തനിക്ക് ആകാംക്ഷ തോന്നിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിക്കാനും തിരിച്ചിറങ്ങാനുമായി പ്രത്യേകം കവാടങ്ങളും മൾട്ടി ലെവൽ പാർക്കിംഗും പുതിയ നിര്‍മിതിയില്‍ ഉണ്ടാകും. കഴിഞ്ഞ ഫെബ്രുവരിയിൽ റെയിൽവേ സ്‌റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിൽ പുനർനിർമിക്കുന്നതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനിൽ നിർവഹിച്ചിരുന്നു. റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ വരുമാനം ഉറപ്പിക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതികളും ഉൾപ്പെടുന്നുണ്ട്. തൃശൂർ റെയിൽവേ സ്റ്റേഷന്റെ പുനർനിർമ്മാണത്തിൽ റെയിൽവേ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയും 45 ദിവസത്തിനു മുൻപായി ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം തുടങ്ങാനായി റെയിൽവേ അധികൃതർക്ക് നിർദ്ദേശം നൽകിയതായും കേന്ദ്രമന്ത്രി അറിയിച്ചു.