മുംബൈ: പാൻമസാല കഴിച്ച ശേഷം റോഡിൽ തുപ്പുന്നവരുടെ ചിത്രങ്ങൾ എടുത്ത് പത്രങ്ങളിൽ പ്രസിദ്ധീകരിക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യയിൽ പൊതുവെ കണ്ട് വരുന്ന ശീലമാണിതെന്നും എന്നാൽ റോഡും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിൽ സംഘടിപ്പിച്ച ‘ സ്വച്ഛ് ഭാരത് അഭിയാൻ’ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” ചെറുപ്പത്തിൽ മിഠായി കഴിച്ച ശേഷം അതിന്റെ റാപ്പർ പുറത്തേക്ക് വലിച്ചെറിയുന്ന ശീലം എനിക്കുണ്ടായിരുന്നു. എന്നാൽ ഇന്ന് മിഠായി കഴിച്ച ശേഷം ഞാൻ റാപ്പർ പോക്കറ്റിലിടുന്നു. പിന്നീട് വീട്ടിലെത്തിയ ശേഷം ചവറ്റുകുട്ടയിലും ഇടും. ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങൾ ശീലമാക്കിയാൽ പിന്നീട് ഒരിക്കലും പുറത്തേക്ക് മാലിന്യങ്ങൾ വലിച്ചെറിയാൻ നമുക്ക് തോന്നുകയില്ല.
ഇന്ത്യയിൽ നിങ്ങൾ ഇത്തരം ചെറിയ റാപ്പർ പോലും വഴിയിലേക്ക് വലിച്ചെറിയുന്നു. എന്നാൽ വിദേശരാജ്യങ്ങളിൽ ചെറിയ കവറുകൾ പോലും പുറത്തേക്ക് വലിച്ചെറിയുന്ന ശീലമില്ല. ഇത്തരം നല്ല ശീലങ്ങൾ പിന്തുടരാൻ നമുക്ക് സാധിക്കണം.”- നിതിൻ ഗഡ്കരി പറഞ്ഞു.
പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്‌ക്കാൻ ജനങ്ങൾക്ക് സാധിക്കണം. പരിസ്ഥിതി സംരക്ഷണത്തിനായി വ്യക്തി ശുചിത്വം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാൻ മസാല പോലുള്ളവ കഴിച്ച് റോഡിലേക്ക് തുപ്പുന്ന ശീലമാണ് പൊതുവെ ആളുകളിൽ കണ്ടുവരുന്നത്. ഇത്തരക്കാരെ ശ്രദ്ധയിൽപ്പെട്ടാൽ അവരുടെ ചിത്രങ്ങൾ എടുത്ത് അയക്കാവുന്നതാണെന്നും ഇത് പത്രങ്ങളിൽ പ്രസിദ്ധീകരിക്കണമെന്നും ഗഡ്കരി വ്യക്തമാക്കി.















