മലപ്പുറം: മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയൻ രാജിവയ്‌ക്കണമെന്ന് പിവി അൻവർ എംഎൽഎ. പകരം മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസിനെയോ മകൾ വീണയെയോ മുഖ്യമന്ത്രി സ്ഥാനം ഏൽപിക്കണമെന്നും പിവി അൻവർ ആവശ്യപ്പെട്ടു. മലപ്പുറത്ത് വാർത്താസമ്മേളനത്തിലാണ് പിവി അൻവർ ഇക്കാര്യം ഉന്നയിച്ചത്.
മലപ്പുറം ജില്ലയിൽ മാപ്പിളമാർ മാത്രമല്ല, മറ്റ് സമുദായക്കാരും ഉണ്ട്. മുഖ്യമന്ത്രിയുടെ അഭിപ്രായം അവർക്കൊക്കെ ബാധിക്കും. അദ്ദേഹം സ്ഥാനം ഒഴിയണം. അതിനും സാധിക്കുന്നില്ലെങ്കിൽ മാപ്പെങ്കിലും പറയണം. പദവി ഒഴിയാൻ പ്രയാസം ഉണ്ടെങ്കിൽ അവിടെ മുഹമ്മദ് റിയാസും വീണയും ഒക്കെയുണ്ടല്ലോ, അവരെ ഏൽപിക്കാം. നമ്മൾ അതുപോലെ പല കാര്യങ്ങളും കണ്ടിട്ടുണ്ടല്ലോ. ലാലുപ്രസാദ് യാദവിനെയൊക്കെ കണ്ടതല്ലേ. റാബ്രി ദേവിക്ക് എഴുത്തും വായനയും പോലും അറിയില്ലായിരുന്നു. അവർ സ്‌കൂളിലേ പോയിട്ടില്ല. പക്ഷെ വീണയ്‌ക്കൊക്കെ അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടല്ലോ. അവരെ ഏൽപിക്കട്ടെ. ബാക്കി പാർട്ടി ഏറ്റെടുക്കുമല്ലോയെന്നും അൻവർ പറഞ്ഞു.
പാർട്ടിക്ക് വീണയെ ജയിപ്പിക്കാൻ കഴിയുമല്ലോ. എങ്ങനെയെങ്കിലും ഈ കേരളത്തെ ഒന്ന് രക്ഷപെടുത്തി തന്നാൽ മതി. അതിനുളള മഹാമനസ്‌കതയെങ്കിലും കാണിക്കട്ടെയെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രിക്ക് പിആർ ഏജൻസിയുടെ ആവശ്യമില്ലെന്ന് മന്ത്രിമാർ പറയുന്നു. പക്ഷെ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ പറയുന്നു പിആർ ഏജൻസിക്ക് പറ്റിയ തെറ്റാണെന്ന്. പിആർ നടത്താനുളള ശേഷി റിയാസിനും വീണയ്‌ക്കുമൊക്കെ ഉണ്ടെന്നും പി.വി അൻവർ പറഞ്ഞു.
ഒരു അഭിപ്രായം പറയാൻ നട്ടെല്ലുളള ഒരു കമ്യൂണിസ്റ്റുകാരനും ഈ പാർട്ടി നേതൃത്വത്തിലില്ലാത്തതിന്റെ ദുരന്തമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്. ആരെയാണ് ഇവർ പേടിക്കുന്നതെന്ന് അൻവർ ചോദിച്ചു. മുഖ്യമന്ത്രിക്ക് അജിത് കുമാറിനെയും ശശിയെയുമൊക്കെ നല്ല പേടിയാ. അത് എല്ലാവർക്കും ബോധ്യമായതാണ്. പാർട്ടി ആരെയാ പേടിക്കുന്നത്? മുഖ്യമന്ത്രിയെ ആണോ? അപ്പോൾ എവിടെയാ കുടുങ്ങിക്കിടക്കുന്നത്.
കാര്യങ്ങൾ ബോധ്യപ്പെടാത്തത് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിന് മാത്രമാണ്. എനിക്ക് ശേഷം പ്രളയമെന്ന മുഖ്യമന്ത്രിയുടെ സ്റ്റാൻഡ് തന്നെ മതിയെന്ന് ഇവർ ഒരുമിച്ച് തീരുമാനിച്ചോയെന്നും അൻവർ ചോദിച്ചു.