ടെൽഅവീവ്: ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റല്ലയുടെ ശവസംസ്‌കാര ചടങ്ങുകൾ വെള്ളിയാഴ്ച നടക്കുമെന്ന് റിപ്പോർട്ട്. നസ്‌റല്ലയുടെ മരണത്തെ തുടർന്ന് രാജ്യത്ത് അഞ്ച് ദിവസത്തെ ദു:ഖാചരണം ലെബനൻ പ്രഖ്യാപിച്ചിരുന്നു. ഹിസ്ബുള്ള അനുകൂലികളായ നിരവധി പേർ ഇസ്രായേലിനും അമേരിക്കയ്‌ക്കുമെതിരെ മുദ്രാവാക്യം വിളികളുമായി പ്രതിഷേധം തുടരുന്നുണ്ട്.
സംസ്‌കാര ചടങ്ങുകൾ എവിടെ വച്ച് എപ്പോൾ നടക്കുമെന്നുള്ള വിവരങ്ങൾ ഹിസ്ബുള്ള പുറത്തുവിട്ടിട്ടില്ല. നസ്‌റല്ലയുടെ കൊലപാതകത്തിന് പിന്നാലെ മേഖലയിൽ സംഘർഷ സാഹചര്യങ്ങൾ രൂക്ഷമായിരുന്നു. കൊലപാതകത്തിന് പ്രതികാരമായിട്ടാണ് ഇസ്രായേലിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. 200ഓളം മിസൈലുകളാണ് ഇസ്രായേലിലേക്ക് ഇറാൻ തൊടുത്തത്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ നിർദേശപ്രകാരമായിരുന്നു ഈ നീക്കമെന്നാണ് വിവരം.
ആക്രമണസാധ്യതയെ കുറിച്ച് നസ്‌റല്ലയ്‌ക്ക് ഖമേനി ദൂതൻ വഴി മുന്നറിയിപ്പ് നൽകിയെങ്കിലും ലെബനനിൽ തന്നെ തുടരാൻ നസ്‌റല്ല തീരുമാനിക്കുകയായിരുന്നു. അതേസമയം ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം രൂക്ഷമായ സാഹചര്യത്തിൽ യുഎൻ സുരക്ഷാ സമിതി അടിയന്തര യോഗം ചേരണമെന്ന ആവശ്യവുമായി ഇറാൻ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ രാജ്യത്ത് നടത്തിയ ആക്രമണത്തിന് ഇറാന് ശക്തമായ മറുപടി നൽകുമെന്ന മുന്നറിയിപ്പ് ഇസ്രായേലും സഖ്യകക്ഷിയായ അമേരിക്കയും നൽകിയിരുന്നു.
ഹിസ്ബുള്ളയുടെ ഏഴോളം നേതാക്കളെയാണ് ദിവസങ്ങളുടെ വ്യത്യാസത്തിൽ ഇസ്രായേൽ വധിച്ചത്. നസ്‌റല്ലയുടെ ബന്ധു കൂടിയായ ഹാഷിം സഫിദ്ദീൻ ഹിസ്ബുള്ളയുടെ പുതിയ തലവനായി ചുമതലയേൽക്കുമെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം, ഹിസ്ബുള്ളയുടെ ആദ്യകാല അംഗങ്ങളിൽ ഒരാളാണ് ഹാഷിം. ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലിൽ എട്ട് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ബെയ്‌റൂട്ടിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. ലെബനനിലെ ഗ്രൗണ്ട് ഓപ്പറേഷനുകൾ നിർത്തിവയ്‌ക്കില്ലെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.















