കൊച്ചി: സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം ഒരാഴ്ച കൂടി കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. മൂത്ത മകൻ എം.എൽ സജീവനും മകൾ സുജാതയും എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സാവകാശം തേടിയിരുന്നു. ഇതോടെയാണ് മോർച്ചറിയിൽ സൂക്ഷിക്കണമെന്ന ഇടക്കാല ഉത്തരവ് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയത്.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ വീണ്ടുമൊരു ഹിയറിങ് നടത്താനുള്ള സാധ്യത കോടതി സർക്കാരിനോട് ആരാഞ്ഞിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ നടന്ന ഹിയറിങ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മകൾ ആശ കോടതിയെ സമീപിച്ചത്.
മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറണമെന്ന് എംഎം ലോറൻസ് നിർദേശിച്ചിരുന്നതായി മകൻ സജീവ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ മറ്റൊരു മകളായ സുജാത ഇതിനുളള സമ്മതം മെഡിക്കൽ കോളേജ് നടത്തിയ ഹിയറങ്ങിൽ പിൻവലിച്ചെന്നാണ് ആശ കോടതിയെ അറിയിച്ചത്.
സെപ്റ്റംബർ 21-നായിരുന്നു സിപിഎമ്മിന്റെ മുതിർന്ന നേതാവ് എംഎം ലോറൻസ് അന്തരിച്ചത്. കൊച്ചിയിൽ വച്ചായിരുന്നു അന്ത്യം. പൊതുദർശനത്തിന് ശേഷം മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകുന്ന സമയത്ത് നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. പിതാവിന്റെ മൃതദേഹം വിദ്യാർത്ഥികൾക്ക് വെട്ടിമുറിക്കാൻ നൽകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഇളയമകക്ഷ ആശാ ലോറൻസ്.