തിരുവനന്തപുരം: അഭിഭാഷകനെ മയക്കുമരുന്ന് സംഘം ആക്രമിച്ച കേസിൽ പ്രതികൾക്ക് ജാമ്യം നൽകാൻ വാദിച്ച് പബ്ലിക് പ്രോസിക്യൂട്ടർ. വഞ്ചിയൂർ ജില്ലാ കോടതിയിലെ സീനിയർ അഭിഭാഷകനെ മയക്കുമരുന്ന് സംഘം ആക്രമിക്കുകയും ഓഫീസ് അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളെ പുറത്തിറക്കാനാണ് പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചത്.
പ്രതികൾക്ക് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് തിരുവനതപുരം ജില്ലാ സെഷൻസ് ജഡ്ജിന് മുൻപാകെ അപേക്ഷ എത്തിയിരുന്നു. ജാമ്യാപേക്ഷ കോടതി പരിഗണിച്ച സമയത്ത് പ്രതിഭാഗം അഭിഭാഷകൻ വാദം ആരംഭിക്കുന്നതിന് മുൻപേ ജില്ലാ ഗവണ്മെന്റ് പ്ലീഡറും പബ്ലിക് പ്രോസീക്യൂട്ടറുമായ ടി. ഗീന കുമാരി, പ്രതികൾക്ക് ജാമ്യം അനുവദിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ആക്രമിക്കപ്പെട്ട അഭിഭാഷകന് വേണ്ടി ഹാജരായ വക്കീൽ പ്രതികളുടെ ജാമ്യപേക്ഷയെ എതിർത്തതിനെ തുടർന്ന് കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി.
DYFI വഞ്ചിയൂർ ബ്രാഞ്ച് ഭാരവാഹിയുടെ നേതൃത്വത്തിൽ കോടതി പരിസരത്തും മറ്റും രാത്രികാലങ്ങളിൽ മയക്കുമരുന്ന് വിൽപ്പന സജീവമാണെന്ന ആരോപണം നേരത്തെ ഉണ്ടായിരുന്നു. സംഘം ജില്ലാകോടതിയുടെ ഗേറ്റും അടിച്ചു തകർത്തു. മയക്കുമരുന്ന് വിൽപ്പനക്കാരുടെ സംഘത്തിലുള്ളവരാണ് അഭിഭാഷകനെ ആക്രമിച്ചതെന്നാണ് വിവരം. ഇടതുപക്ഷ അനുകൂല സംഘടന ഭരിക്കുന്ന ബാർ അസോസിയേഷൻ വിഷയത്തിൽ ഇതുവരെയും ഇടപ്പെട്ടില്ലെന്നും വിമർശനമുണ്ട്. തിരുവനന്തപുരം ബാറിലെ അഭിഭാഷകർക്കിടയിൽ കടുത്ത ചേരിതിരിവാണെന്ന ആക്ഷേപവും ശക്തമാണ്.