ടെൽഅവീവ്: വെസ്റ്റ്ബാങ്കിലെ തുൽക്കർമിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവിനെ വധിച്ചതായി ഇസ്രായേൽ സൈന്യം. ഹമാസ് നേതാവ് സാഹി യാസർ അബ്ദുൽ റസേഖ് ഔർഫിയാണ് കൊല്ലപ്പെട്ടത്. തുൽക്കർമിൽ ഭീകരർ ഒളിച്ചുകഴിയുന്ന ഇടങ്ങളിലേക്ക് ആക്രമണം നടത്തിയ കാര്യം നേരത്തെ ഇസ്രായേൽ പുറത്തുവിട്ടിരുന്നു.
ഹമാസിനും ഹിസ്ബുള്ളയ്‌ക്കുമെതിരെ ഇസ്രായേൽ സൈന്യം ഒരേസമയം ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ലെബബനിൽ ഹിസ്ബുള്ള ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ച ഇടങ്ങളിലെല്ലാം ഇസ്രായേൽ സൈന്യം മിസൈൽ ആക്രമണം നടത്തി. ലെബനനിലെ പാർലമെന്റ് മന്ദിരത്തിന് സമീപത്തെ കെട്ടിടത്തിൽ നടത്തിയ ആക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. കരയുദ്ധം ശക്തിപ്പെടുത്തുന്ന ഇടങ്ങളിൽ നിന്ന് ജനങ്ങൾ അടിയന്തരമായി ഒഴിഞ്ഞുപോകണമെന്ന് സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രായേൽ സൈനികരെ ലക്ഷ്യമിട്ട് വടക്കൻ മേഖലയിൽ ആക്രമണം കടുപ്പിച്ചതായും, 20ഓളം മിസൈൽ ആക്രമണങ്ങൾ നടത്തിയതായും ഹിസ്ബുള്ളയും അവകാശപ്പെട്ടിട്ടുണ്ട്.
അതേസമയം മൂന്ന് മാസം മുൻപ് നടത്തിയ ആക്രമണത്തിൽ ഗാസയിലെ ഹമാസ് സർക്കാരിന്റെ തലവൻ റൗഫി മുഷ്താഹയെ വധിച്ചുവെന്ന വിവരം ഇസ്രായേൽ പ്രതിരോധ സേന പ്രസ്താവനയിലൂടെ അറിയിച്ചു. ഐഡിഎഫും ഇസ്രായേൽ സെക്യൂരിറ്റി അതോറിറ്റിയും പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. റൗഹി മുഷ്താഹയ്‌ക്ക് പുറമെ ഹമാസ് കമാൻഡർമാരായിരുന്ന സമേഹ് അൽ സിറാജ്, ഹമാസ് ജനറൽ സെക്യൂരിറ്റി മെക്കാനിസം കമാൻഡർ സമി ഔദേഹ് എന്നിവരെയാണ് ആക്രമണത്തിൽ വധിച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു. ഒക്ടോബർ ഏഴിന് രാജ്യത്തുണ്ടായ ആക്രമണത്തിന് കാരണക്കാരായ ഓരോ വ്യക്തികളേയും പിന്തുടരുമെന്നും, ഇസ്രായേലിന്റെ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്നവരെ ഇല്ലാതാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.