വാഷിംഗ്ടൺ: ഇന്ത്യയുടെ ഏറ്റവും വിശ്വാസമുള്ള വ്യാപാര പങ്കാളിയാണ് യുഎസെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. യുഎസുമായുള്ള ബന്ധത്തിന് വലിയ പ്രാധാന്യമാണ് ഇന്ത്യ നൽകുന്നതെന്നും ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നാല് ദിവസത്തെ യുഎസ് സന്ദർശനത്തിനിടെ വാഷിംഗ്ടൺ ഡിസിയിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സാങ്കേതികവിദ്യ, നിക്ഷേപം, വ്യാപാരം എന്നിവയിലൂടെ ഇന്ത്യ- യുഎസ് ബന്ധം കൂടുതൽ ദൃഢമാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. മുൻ കാലങ്ങളിൽ യുഎസ് പ്രസിഡന്റായിരുന്ന ബരാക്ക് ഒബാമ, ഡോണൾഡ് ട്രംപ് എന്നിവരുമായും നിലവിലെ പ്രസിഡന്റ് ജോ ബൈഡനുമായും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അടുത്ത ബന്ധമാണുള്ളത്. ഭാവിയിലും ഈ ബന്ധം തുടരുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. യുഎസുമായുള്ള സഹകരണം വളർത്തിയെടുക്കുമെന്നും വിവിധ മേഖലകളിൽ ഇന്ത്യയും യുഎസും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചിട്ടുണ്ടെന്നും” പിയൂഷ് ഗോയൽ പറഞ്ഞു.
“ഇന്ത്യ- യുഎസ് ബന്ധം മുമ്പത്തേക്കാൾ ഇന്ന് കൂടുതൽ ശക്തമാണ്. ഇന്ത്യയും യുഎസും തമ്മിലുള്ള ഉന്നതതല യോഗങ്ങൾ ഇന്ന് സ്ഥിരമായി നടക്കുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം രാഷ്‌ട്രീയത്തിന് അതീതമാണ്. എഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തികൊണ്ട് ഇരു രാജ്യങ്ങളും കൂടുതൽ പുരോഗതി കൈവരിക്കുന്നു. രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തം തുടർന്നും ഉണ്ടാകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു”.
മറ്റ് രാജ്യങ്ങൾ നേരിടുന്ന ആഗോള വെല്ലുവിളികളുമായി താരതമ്യം ചെയ്യുമ്പോൾ, ഇന്ത്യ- യുഎസ് ബന്ധം എല്ലാ അർത്ഥത്തിലും ശക്തമാണ്. പരസ്പര വിശ്വാസത്തോടെ ഈ ബന്ധം ഇനിയും വർഷങ്ങളോളം തുടരുമെന്ന് പിയൂഷ് ഗോയൽ പറഞ്ഞു.















