എറണാകുളം: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ ആലുവ സ്വദേശിനിയായ നടിക്കെതിരെ കേസെടുത്ത് പൊലീസ്. ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് നടിക്കും അഭിഭാഷകനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. അഭിഭാഷകനായ സംഗീത് ലൂയിസിനെ രണ്ടാം പ്രതിയാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
തനിക്കെതിരെ ആലുവ സ്വദേശിനിയായ നടി സോഷ്യൽ മീഡിയയിലൂടെ അശ്ലീല പരാമർശം നടത്തിയെന്നാണ് ബാലചന്ദ്രമേനോന്റെ പരാതി. തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തുവെന്നും പരാതിയിൽ പറയുന്നു. നടിയുടെ അഭിമുഖം ചിത്രീകരിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്ത യുട്യൂബ് ചാനലുകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. മൂന്ന് ലൈംഗികാരോപണങ്ങൾ ഉടൻ വരുമെന്ന് പറഞ്ഞാണ് നടിയുടെ അഭിഭാഷകൻ തന്നെ ഭീഷണിപ്പെടുത്തിയതെന്ന് ബാലചന്ദ്രമേനോൻ പരാതിയിൽ പറഞ്ഞു.
ബാലചന്ദ്രമേനോനെതിരെ നടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ലൈംഗികാരോപണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലും നടനെതിരെ അശ്ലീല പരാമർശം നടത്തിയത്. ആരോപണത്തിന് പിന്നാലെ സംഭവം അടിസ്ഥാനരഹിതമാണെന്നും പരാതിക്കാരിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബാലചന്ദ്രമേനോൻ വ്യക്തമാക്കിയിരുന്നു.
ദേ ഇങ്ങോട്ട് നോക്ക്യേ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് ബാലചന്ദ്രമേനോൻ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു നടിയുടെ ആരോപണം. മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിരെ പരാതി നൽകിയ ആലുവ സ്വദേശിനിയാണ് ബാലചന്ദ്രമേനോനെതിരെയും പരാതി നൽകിയത്.















