ന്യൂഡൽഹി: ഉത്തർപ്രദേശിലെ മിർസാപൂരിൽ ട്രക്കും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ അപകട വാർത്ത അങ്ങേയറ്റം വേദനാജനകമാണെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന്റെ വിഷമത്തിൽ പങ്കുചേരുന്നു. ഈ വേദന സഹിക്കാനുള്ള ശക്തി ദൈവം അവർക്ക് നൽകട്ടെ. അപകടത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സംസ്ഥാന സർക്കാർ നൽകുമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ പി നദ്ദയും അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും സംസ്ഥാന സർക്കാർ കൈക്കൊള്ളുമെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ജെ പി നദ്ദ എക്സിൽ കുറിച്ചു.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് മിർസാപൂരിലെ കട്ക ഗ്രാമത്തിന് സമീപത്ത് വച്ച് അപകടമുണ്ടായത്. നിയന്ത്രണംവിട്ട ട്രക്ക് ട്രാക്ടറിന്റെ പിന്നിൽ വന്ന് ഇടിക്കുകയായിരുന്നു. പത്ത് തൊഴിലാളികൾക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. 13 പേരാണ് ട്രാക്ടറിലുണ്ടായിരുന്നത്. വാരാണസി സ്വദേശികളായ തൊഴിലാളികളാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.















