ടെൽഅവീവ്: 11ാം വയസ്സിൽ ഐസിസ് ഭീകരർ തട്ടിക്കൊണ്ടു പോകുകയും പിന്നീട് പത്ത് വർഷത്തോളം ഹമാസ് അടിമയാക്കുകയും ചെയ്ത യുവതിയെ ഇസ്രായേൽ സൈന്യം ഗാസയിൽ നിന്ന് മോചിപ്പിച്ചു. ഒരു മാസത്തെ ഓപ്പറേഷനൊടുവിലാണ് യസീദി യുവതിയുടെ മോചനം സാധ്യമായത്.
2014 ലാണ് ഫൗസിയ അമിൻ സിഡോ അടക്കം 6,000-ലധികം യദീസികളെ ഇറാഖിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടികളെ ലൈംഗിക അടിമകളാക്കുകയും ആൺകുട്ടികളെ ആയുധപരിശീലനം നൽകി ഭീകരസംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്തു. ഇവരിൽ ഭൂരിഭാഗവും മരണപ്പെട്ടു. ഏകദേശം 3,500 പേരെ രക്ഷിച്ചുവെന്നും റിപ്പോർട്ടുണ്ട്.
ഐഎസ് ഭീകരർ ഹമാസിന് കൈമാറിയ യുവതിയെ സുരക്ഷാ സേന രക്ഷപ്പെടുത്തിയതായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയമാണ് ഔദ്യേഗമായി അറിയിച്ചത്. ഈ ആഴ്ച ആദ്യം യുവതി സ്വദേശമായ ഇറാഖിലേക്ക് മടങ്ങി. യസീദി കുട്ടികൾ അഭിമുഖീകരിക്കുന്ന ക്രൂരതയുടെ ഓർമ്മപ്പെടുത്തലാണ് യുവതിയുടെ കഥയെന്ന് ഇസ്രായേൽ വൃത്തങ്ങൾ പറഞ്ഞു.എന്നാൽ രക്ഷാപ്രവർത്തനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇസ്രായേൽ വെളിപ്പെടുത്തിയിട്ടില്ല.