സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്ക് ഉയർത്തിയതോടെ BSNLലേക്ക് നിരവധി ഉപഭോക്താക്കൾ ചേക്കേറിയിരുന്നു. താങ്ങാവുന്ന നിരക്കിൽ മികച്ച റീച്ചാർജ് പ്ലാനുകൾ BSNLൽ ലഭ്യമാണ് എന്നതിനാൽ നിരവധി പുതിയ ഉപഭോക്താക്കളെ കമ്പനിക്ക് ലഭിച്ചു. ഇന്ത്യയുടെ ഓരോ കോണിലേക്കും വ്യാപിക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രാമീണരെ ആകർഷിക്കുന്ന പുതിയ ഓഫറുമായാണ് BSNLൽ ഇപ്പോൾ എത്തിയിരിക്കുന്നത്.
ഭാരത് 4G കമ്പാനിയൻ പോളിസിക്ക് കീഴിൽ SIM ഹാൻഡ്‌സെറ്റ് ബണ്ടിംഗ് ഓഫർ നൽകാനാണ് ബിഎസ്എൻഎല്ലിന്റെ തീരുമാനം. ഇതിനായി കാർബൺ മൊബൈലുമായി സഹകരിച്ച് പ്രവർത്തിക്കും. BSNL 4G സർവീസ് ലഭ്യമാകാൻ ഇനി വിലയേറിയ സ്മാർട്ട്ഫോണുകൾ വാങ്ങേണ്ടതില്ല. ഇക്കാര്യത്തിൽ കാർബൺ മൊബൈൽസുമായി കമ്പനി ധാരണാപത്രത്തിൽ ഒപ്പുവച്ചു. BSNLന്റെ സ്ഥാപകദിനമായ ഒക്ടോബർ ഒന്നിനായിരുന്നു കരാറിൽ ഒപ്പിട്ടത്.
പുതിയ BSNL ഹാൻഡ്‌സെറ്റ് (മൊബൈൽ + 4G SIM + ഹൈ-സ്പീഡ് ഇന്റർനെറ്റ്) ജിയോ ഭാരത് 4G ഫീച്ചർ ഫോണുമായി കിടപിടിക്കുന്നതായിരിക്കും. ജിയോ ഭാരത് ഫോണിനേക്കാൾ കുറഞ്ഞ നിരക്കിൽ അതിവേഗ കണക്റ്റിവിറ്റി ലഭ്യമാക്കുകയാണ് BSNLന്റെ ലക്ഷ്യം.