കഴിഞ്ഞ വർഷമായിരുന്നു ടെക് ഭീമനായ ആപ്പിളിന്റെ റീട്ടെയിൽ സ്റ്റോറുകൾ മുംബൈയിലും ഡൽഹിയിലും ആരംഭിച്ചത്. ആപ്പിളിന് ഇന്ത്യയിൽ ലഭിച്ച വൻ സ്വീകാര്യത പരിഗണിച്ച് കൂടുതൽ റീടെയിൽ സ്റ്റോറുകൾ തുറക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. രാജ്യത്ത് നാല് പുതിയ ആപ്പിൾ സ്റ്റോറുകളാണ് തുറക്കാൻ പോകുന്നത്. കൂടാതെ പുതിയ ഫോണായ iPhone 16ന്റെ എല്ലാ മോഡലുകളും ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. ബെംഗളൂരു, പൂനെ, ഡൽഹി-NCR, മുംബൈ എന്നിവിടങ്ങളിലാണ് പുതിയ ആപ്പിൾ സ്റ്റോറുകൾ പ്രവർത്തനമാരംഭിക്കുക.
നിലവിൽ മുംബൈയിലും ഡൽഹിയിലുമുള്ള ആപ്പിൾ സ്റ്റോറുകൾ മുഖേന നിരവധി കസ്റ്റമേഴ്സിനെ ലഭിച്ച സാഹചര്യത്തിലാണ് ഇതേ നഗരങ്ങളിൽ ഓരോ ആപ്പിൾ സ്റ്റോറുകൾ വീതം വീണ്ടും തുറക്കാൻ തീരുമാനിച്ചത്.
നേരത്തെ ആപ്പിളിന്റെ പഴയ മോഡലുകൾ മാത്രമായിരുന്നു ഇന്ത്യയിൽ ഉത്പാദിപ്പിച്ചിരുന്നത്. ഏറ്റവും പുതിയ വേർഷനുകൾ ഇതുവരെ നിർമിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ വേർഷനായ iPhone 16ന്റെ എല്ലാ മോഡലുകളും ഇന്ത്യയിൽ തന്നെ നിർമിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചത്. സ്മാർട്ട്ഫോൺ ഉത്പാദനത്തിനായി Foxconn, Pegatron, Tata Electronics എന്നീ കമ്പനികളുമായാണ് ആപ്പിൾ ധാരണാപത്രത്തിൽ ഒപ്പുവച്ചിരിക്കുന്നത്. iPhone 16, iPhone 16 Pro, Pro Max തുടങ്ങിയവ Foxconn നിർമിക്കും. iPhone 16, 16 plus മോഡലുകളാണ് Pegatron ഉത്പാദിപ്പിക്കുക. ഇന്ത്യയുടെ സ്വന്തം കമ്പനിയായ Tata Electronicഉം ഇതേ മോഡലുകൾ ഉത്പാദിപ്പിക്കും. മെയ്ഡ് ഇൻ ഇന്ത്യ ആപ്പിൾ ഫോണുകൾ രാജ്യത്തെ വിപണികളിൽ എത്തുകയും വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുകയും ചെയ്യും.