തൃശൂർ: മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയും ചേർന്ന് സംസ്ഥാനം കൊള്ളയടിക്കുകയാണെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. കള്ളക്കടത്തിന് നേതൃത്വം കൊടുക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
” പിണറായി വിജയനെതിരെ ഉയർന്നു വന്നിട്ടുള്ള ആരോപണങ്ങളൊന്നും ചെറിയ ആരോപങ്ങളല്ല. മുഖ്യമന്ത്രി നടത്തുന്ന പ്രസ്താവനകൾ അദ്ദേഹം തന്നെ വെള്ളം തൊടാതെ വിഴുങ്ങുന്നു. മലപ്പുറത്തെ കള്ളക്കടത്തിനെ കുറിച്ച് പറഞ്ഞതും ഇപ്പോൾ പിൻവലിച്ചു. പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമാണ്. എന്നാൽ പ്രതിപക്ഷ നേതാവാകട്ടെ അതിൽ ഒന്നും മിണ്ടുന്നില്ല. എഡിജിപിയും പി ശശിയും ചേർന്ന് തട്ടിക്കൊണ്ടുപോകലും കൊലപാതകവും നടത്തിയെന്ന ആരോപണത്തിലും ആരും പ്രതികരിക്കുന്നില്ല.”- എം ടി രേമശ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള കള്ളക്കടത്തുകൾ ബിജെപി ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ എന്ത് നടപടിയാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്? മലപ്പുറം കേന്ദ്രീകരിച്ച് സ്വർണകള്ളക്കടത്തും, ഹവാലാ ഇടപാടുമൊക്കെ നടക്കുന്നത് ചൂണ്ടിക്കാണിക്കുന്നത് ജില്ലയെ അപമാനിക്കൽ ആകുമോയെന്നും അദ്ദേഹം ചോദിച്ചു. ദേശവിരുദ്ധ പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്നും എം ടി രമേശ് ചൂണ്ടിക്കാട്ടി.















