ദുബായ്: 2030നകം ഭക്ഷ്യമേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ യുഎഇ. ഫുഡ് ആൻഡ് ബിവറേജ് ബിസിനസ് ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടിയിലാണ് ഭക്ഷ്യമേഖലയിലെ ഭാവി പദ്ധതികൾ രാജ്യം വ്യക്തമാക്കിയത്. യുഎഇയുടെ ആഭ്യന്തര ഉത്പാദന വളർച്ചയിൽ ഭക്ഷ്യമേഖലയുടെ സംഭാവന 10 ബില്യൺ ഡോളറായി വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
നിലവിൽ 90 ശതമാനം ഭക്ഷ്യ ഉത്പന്നങ്ങളും രാജ്യം ഇറക്കുമതി ചെയ്യുകയാണ്. 2050 ആകുമ്പോഴേക്കും ഇത് 50 ശതമാനമായി കുറയ്ക്കും. 2030നകം മേഖലയിൽ ഇരുപതിനായിരം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി പറഞ്ഞു.
2007-ൽ ആഗോള ഭക്ഷ്യപ്രതിസന്ധി ഉണ്ടായത് മുതൽ ഭക്ഷ്യസുരക്ഷയ്ക്ക് വലിയ മുൻഗണനയാണ് യുഎഇ നൽകിവരുന്നത്. ആഭ്യന്തര ഉത്പാദനമേഖലയിൽ കൈവരിച്ച നേട്ടത്തിൽ അഭിമാനമുണ്ടെന്നും മന്ത്രി അറിയിച്ചു. താമസക്കാർക്ക് സുസ്ഥിരമായ ഭക്ഷ്യവിതരണം ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷയിൽ വൻതോതിൽ നിക്ഷേപം നടത്തുന്നുമുണ്ട് യുഎഇ. 2023-ൽ രാജ്യം 23 ബില്യൻ ഡോളർ വിലമതിക്കുന്ന ഭക്ഷ്യ ഉത്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്.