ടെൽ അവീവ്: ഹിസ്ബുള്ളയുടെ ആക്രമണശേഷി പൂർണ്ണമായും ഇല്ലാതാക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റ്. വരാനിരിക്കുന്നത് ഹിസ്ബുള്ളയെ ഞെട്ടിപ്പിക്കുന്ന സംഭവ വികാസങ്ങളാകുമെന്നും സർപ്രൈസുകൾ കാണാൻ തയ്യാറായി ഇരുന്നോളൂവെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേലിന്റെ ശേഖരത്തിൽ ഇനിയും സർപ്രൈസുകൾ ബാക്കിയാണെന്നായിരുന്നു പ്രതിരോധമന്ത്രിയുടെ വാക്കുകൾ. ഹിസ്ബുള്ളയുടെ സർവ്വ ആയുധശേഖരങ്ങളിലും ഇസ്രയേൽ ആക്രമണം നടത്തിക്കഴിഞ്ഞു. പൂർണ്ണമായും ദുർബലമായ അവസ്ഥയിലാണ് നിലവിൽ ഹിസ്‌ബുള്ള. ഒന്നിന് പിറകെ ഒന്നായാണ് ഹിസ്ബുള്ളയ്‌ക്ക് തിരിച്ചടികൾ ലഭിച്ചത്. തലവനെ വധിച്ചുകഴിഞ്ഞു. ഇസ്രായേലിന്റെ അണിയറയിൽ ഇനിയും സർപ്രൈസുകൾ ബാക്കിയുണ്ട്. അത് വരുംനാളുകളിൽ സംഭവിക്കും- ഗാല്ലന്റ് പറഞ്ഞു,.
ഹിസ്ബുള്ളയുടെ ആശയവിനിയമ യൂണിറ്റ് കമാൻഡർ മുഹമ്മദ് റാഷിദ് സക്കാഫിയെയും ഇസ്രായേൽ വധിച്ചിരുന്നു. കഴിഞ്ഞ ദിവസം ബെയ്റൂട്ടിലേക്ക് നടത്തിയ ആക്രമണത്തിലാണ് വധിച്ചത്. ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞ രാത്രി നിരവധി വ്യോമാക്രമണങ്ങൾ ഇസ്രായേൽ നടത്തിയിരുന്നു. ലെബനൻ-സിറിയ അതിർത്തി പ്രദേശങ്ങൾ ഒഴിവാക്കിയായിരുന്നു ആക്രമണം. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സാധാരണക്കാരായ നിരവധിയാളുകൾ പലായനം ചെയ്യുന്നത് ഈ അതിർത്തി വഴിയാണ്. അതിനാൽ ഈ മേഖല ഒഴിവാക്കിയാണ് ഇസ്രായേൽ ആക്രമണം നടത്തുന്നത്.















