മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും സെലക്ടറുമായിരുന്ന സലിൽ അങ്കോളയുടെ മാതാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂനെയിലെ ഫ്ളാറ്റിൽ വെള്ളിയാഴ്ചാണ് മൃതദേഹം കണ്ടെത്തുന്നത്. കുടുംബം ഇതുവരെയും ഇതിനെക്കുറിച്ച് വാ തുറന്നിട്ടില്ല. ഡെക്കാൻ ജിംഗാന പ്രദേശത്തെ പ്രഭാത് റോഡ് കോംപ്ലക്സിലാണ് മാലാ അശോക് അങ്കോള താമസിച്ചിരുന്നത്.
കുറച്ചധികം ദിവസമായി വാതിൽ അടച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാർ കതക് പൊളിച്ച് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. കഴുത്തറുത്ത നിലയിൽ ബെഡിലാണ് മൃതദേഹം കിടന്നത്. മുഴുവനും ചോര പടർന്നിരുന്നു. മുർച്ചേറിയ വസ്തുകൊണ്ടാണ് കഴുത്ത് മുറിച്ചിരിക്കുന്നത്. വീട്ടുകാർ അവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
56-കാരനായ അങ്കോള ഒരു ടെസ്റ്റാണ് കളിച്ചത്. 20 ഏകദിനങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ച താരം വിരമിക്കലിന് ശേഷം ബോളിവുഡ് സിനിമകളിലും അഭിനയിച്ചു. കുരുക്ഷേത്ര, ചുര ലിയ ഹേ തുംനേ, റിവായത്, ഏക്താ, ദ പവർ തുടങ്ങിയ ചിത്രങ്ങളിൽ അങ്കോള അഭിനയിച്ചിട്ടുണ്ട്.
















