ജറുസലേം: കഴിഞ്ഞ നാല് ദിവസത്തിനിടെ ലെബനന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ ആക്രമണത്തിൽ 250 ഹിസ്ബുള്ള ഭീകരരെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ സേന. ഹിസ്ബുള്ളയുടെ രണ്ടായിരത്തിലധികം സൈനിക കേന്ദ്രങ്ങളും ആക്രമണത്തിൽ തകർത്തതായി ഐഡിഎഫ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഹിസ്ബുള്ളയുടെ അഞ്ച് ബറ്റാലിയൻ കമാൻഡർമാർ, പത്ത് കമ്പനി കമാൻഡർമാർ, ആറ് പ്ലാറ്റൂൺ കമാൻഡർമാർ എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
തെക്കൻ ലെബനനിൽ ഇസ്രായേൽ വ്യോമസേന ആക്രമണം കടുപ്പിച്ചിട്ടുണ്ട്. ഹിസ്ബുള്ള നേതാവ് മുഹമ്മദ് റാഷിദ് സഖാഹി കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. 2000 മുതൽ ഹിസ്ബുള്ളയുടെ ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ തലവനായി ഇയാൾ പ്രവർത്തിച്ച് വരികയാണ്. ബെയ്‌റൂട്ടിൽ നടത്തിയ ആക്രമണത്തിലാണ് ഇയാളെ വധിച്ചത്. ഹിസ്ബുള്ളയുടെ ആശയവിനിമയ സംവിധാനം അതിന്റെ എല്ലാ യൂണിറ്റുകളിലും കൃത്യമായി നടപ്പിലാക്കിയത് ഇയാളുടെ നേതൃത്വത്തിലാണ് ഐഡിഎഫ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ബെയ്‌റൂട്ടിൽ ജനവാസമേഖലയിൽ നൽകിയ മുന്നറിയിപ്പിന് പിന്നാലെ പല ഇടങ്ങളിലും ഇസ്രായേൽ ബോംബ് ആക്രമണം നടത്തി. ലെബനൻ-സിറിയ അതിർത്തി മേഖലയിലുള്ള മസ്‌ന ബോർഡർ ക്രോസിങ്ങിലും കഴിഞ്ഞ ദിവസം വ്യോമസേന ആക്രമണം നടത്തി. ഇവിടെയുള് തുരങ്കം വഴിയാണ് ഹിസ്ബുളളയ്‌ക്ക് ആവശ്യമായ ആയുധങ്ങൾ കൈമാറിയിരുന്നതെന്നാണ് വിവരം. കരയുദ്ധം ആരംഭിച്ചതിന് ശേഷം ലെബനൻ അതിർത്തിയിലുള്ള നബാത്തിയാഹ് ഉൾപ്പെടെ 25ഓളം ഇടങ്ങളിൽ നിന്ന് ജനങ്ങളോട് അടിയന്തരമായി ഒഴിഞ്ഞുപോകണമെന്ന് സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്.















