തായ്പേയ് :തായ്‌വാനെ വളഞ്ഞ് ചൈനീസ് യുദ്ധവിമാനങ്ങളും നാവിക കപ്പലുകളും. എട്ട് വിമാനങ്ങൾ മീഡിയൻ ലൈൻ മറിടകന്ന് തായ്‌വാന്റെ അതിർത്തി മേഖലയിലേക്ക് പ്രവേശിച്ചുവെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. മൂന്ന് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് തായ്‌വാന് ചുറ്റും ചൈനീസ് സേന തങ്ങളുടെ സന്നാഹം വർദ്ധിപ്പിക്കുന്നത്.
പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 13 വിമാനങ്ങളും 3 ആർമി നേവി വെസലുകളും തായ് വാന് ചുറ്റും ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിൽ എട്ട് വിമാനങ്ങൾ മീഡിയൻ ലൈൻ മറികടന്ന് എയർ ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോണിൽ പ്രവേശിക്കുകയായിരുന്നു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും, അതിർത്തി കടന്നെത്തിയ വിമാനങ്ങളെ തടഞ്ഞതായും പ്രസ്താവനയിൽ പറയുന്നു.
ഈ മാസം ഇതാദ്യമായാണ് മേഖലയിൽ ചൈനീസ് കപ്പലുകളുടെയോ വിമാനങ്ങളുടെയോ സാന്നിധ്യം കണ്ടെത്തുന്നത്. കഴിഞ്ഞ മാസം അവസാനം എട്ട് വിമാനങ്ങളും രണ്ട് കപ്പലുകളും ഇവിടെ നിലയുറപ്പിച്ചിരുന്നു. പ്രകോപനപരമായ നീക്കമാണ് ചൈനീസ് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും, ഇത് അംഗീകരിക്കാനാകുന്ന കാര്യമല്ലെന്നും തായ്‌വാൻ വ്യക്തമാക്കി. 2020 സെപ്തംബർ മുതൽ മുതലാണ് തായ്‌വാന് ചുറ്റും സൈനിക വിമാനങ്ങളുടേയും കപ്പലുകളുടേയും എണ്ണം ചൈന ക്രമാതീതമായി വർദ്ധിപ്പിച്ചത്.