തിരുപ്പതി തിരുമല ക്ഷേത്രത്തിലെ ബ്രഹ്മോത്സവത്തിന് തുടക്കമായി. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ക്ഷേത്രത്തിലെത്തി ഭഗവാന് പട്ടുവസ്ത്രങ്ങൾ നൽകിയതിന് പിന്നാലെയാണ് ബ്രഹ്മേത്സവത്തിന് തുടക്കമായത്. തുടർച്ചയായി 14-ാം തവണയാണ് ചന്ദ്രബാബു നായിഡു വാർഷിക ബ്രഹ്മോത്സവത്തിൽ പട്ടുവസ്ത്രങ്ങൾ സമർപ്പിക്കുന്നത്.

ദേവസ്വം മന്ത്രി ആനം രാമനാരായണ റെഡ്ഡിക്കും ടിടിഡി ഉദ്യോഗസ്ഥർക്കുമൊപ്പമാണ് നായിഡു ക്ഷേത്രത്തിലെത്തിയത്. ടിടിഡിയുടെ 2025-ലെ വാർഷിക കലണ്ടറും ഡയറികളും രംഗനായകുല മണ്ഡപത്തിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. തിരുപ്പതിയിലെ ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്നായ ബ്രഹ്മോത്സവത്തിന്റെ ആദ്യദിനമായ ഇന്നലെ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
ദ്വജാരോഹണ ചടങ്ങുകളോടെയാണ് ഉത്സവത്തിന് തുടക്കമായത്. മലയപ്പ സ്വാമിയുടെയും അദ്ദേഹത്തിന്റെ പത്നിമാരായ ശ്രീദേവി, ഭൂദേവി എന്നിവരുടെയും വിഗ്രഹങ്ങൾ ഗരുഡന്റെ മുദ്ര പതിപ്പിച്ച ദ്വജപതമെന്ന മഞ്ഞ തുണിയിൽ പൊതിഞ്ഞ് ഘോഷയാത്രയായി ക്ഷേത്രത്തിന് ചുറ്റും വലം വച്ച് കൊണ്ടുപോയി. തുടർന്ന് മന്തോച്ചാരണങ്ങൾക്കിടയിൽ ദ്വജസ്തംഭത്തിൽ ദ്വജപതം ഉയർത്തിയതോടെ 9 ദിവസത്തെ ആഘോഷങ്ങൾക്ക് തുടക്കമായി. ആയിരങ്ങളാണ് ഇതിന് സാക്ഷ്യം വഹിച്ചത്. 12-ന് ബ്രഹ്മോത്സവത്തിന് കൊടിയിറങ്ങും.















