ബെയ്റൂട്ട്: ഹാഷിം സഫീദിൻ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഹിസ്ബുള്ളയുടെ തലവൻ വധിക്കപ്പെട്ടപ്പോൾ ഹസ്സൻ നസറുള്ളയുടെ പിൻഗാമിയാകുന്നത് ഹാഷിം സഫീദിൻ ആണെന്നായിരുന്നു വിവരം. എന്നാൽ ബെയ്റൂട്ട് കേന്ദ്രീകരിച്ച് വെള്ളിയാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ ഹാഷിമിനെ ഇസ്രായേൽ വധിച്ചതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച മുതൽ ഹാഷിം സഫീദിനെ കണ്ടിട്ടില്ലെന്ന് ഹിസ്ബുള്ള പ്രവർത്തകർ അറിയിച്ചതായി റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്യുന്നു.
ഹിസ്ബുള്ളയുടെ ഇന്റലിജൻസ് ആസ്ഥാനം കഴിഞ്ഞ ദിവസമായിരുന്നു ഇസ്രായേൽ തകർത്തത്. ഇവിടെ സഫീദിൻ ഉണ്ടായിരുന്നുവെന്നാണ് സൂചന. വ്യോമാക്രമണം നടക്കുമ്പോൾ അണ്ടർഗ്രൗണ്ട് കോംപൗണ്ടിൽ മറ്റ് നേതാക്കളുമായി സഫീദിൻ കൂടിക്കാഴ്ച നടത്തുകയായിരുന്നുവെന്നാണ് വിവരം.
ഇസ്രായേൽ വകവരുത്തിയ മുൻ തലവൻ നസറുള്ളയുടെ ബന്ധുവാണ് ഹാഷിം സഫീദിൻ. നസറുള്ള കൊല്ലപ്പെട്ടതിന് ശേഷം പിൻഗാമി ആരാണെന്ന് ഹിസ്ബുള്ള ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. എന്നാൽ 1990കളിൽ തന്നെ നസറുള്ളയുടെ പിൻഗാമി ഹാഷിം സഫീദിൻ ആകുമെന്ന് സംഘടന തീരുമാനമെടുത്തിരുന്നു. നിലവിൽ ഹാഷിം സഫീദിന്റെ വധം ഐഡിഎഫ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വരുംമണിക്കൂറുകളിൽ ഐഡിഎഫ് പ്രസ്താവന ഇറക്കിയേക്കുമെന്നാണ് സൂചന.