തിരുവനന്തപുരം: പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തിയ നാല് വയസുകാരന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവത്തിൽ ഡ്രഗ്സ് കൺട്രോൾ ബ്യൂറോയുടെ ഇടപെടൽ. മരുന്ന് വിതരണം ചെയ്ത ഫാർമസിസ്റ്റുകൾക്കെതിരെ നടപടിയെടുക്കാൻ ഡ്രഗ്സ് കൺട്രോൾ ബ്യൂറോ ശുപാർശ നൽകി. ജനം ടിവിയുടെ വാർത്തയെ തുടർന്നാണ് നടപടി.
മരുന്ന് വിതരണം ചെയ്ത രണ്ട് ഫാർമസിസ്റ്റുകളിൽ ഒരാളെ പഞ്ചായത്ത് കരാർ അടിസ്ഥാനത്തിലാണ് നിയമിച്ചത്. ഇവർക്കെതിരെ പഞ്ചായത്ത് അധികൃതരാണ് നടപടിയെടുക്കുന്നത്. ഡ്രഗ്സ് കൺട്രോൾ ഉദ്യോഗസ്ഥർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ കുട്ടിക്ക് നൽകിയത് കാലാവധി കഴിഞ്ഞ മരുന്നാണെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ കാലാവധി കഴിഞ്ഞ നിരവധി മരുന്നുകളും കണ്ടെടുത്തു.
കഴിഞ്ഞ ദിവസം പനിയും ചുമയുമായി വന്ന കുട്ടിക്കാണ് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത്. മരുന്ന് കഴിച്ചതിന് പിന്നാലെ കുട്ടി അസാധാരണമായ രീതിയിൽ ഉറങ്ങി. സംശയത്തെ തുടർന്ന് മാതാപിതാക്കൾ മരുന്ന് പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞതായി കണ്ടെത്തിയത്. തുടർന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി കാര്യമറിയിച്ചെങ്കിലും ആശുപത്രി അധികൃതർ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്.
സപ്ലൈകോയിൽ ലോക്കൽ പർച്ചേസ് ചെയ്ത മരുന്നാണ് ഇത്തരത്തിൽ കാലാവധി കഴിഞ്ഞതായി കണ്ടെത്തിയത്. നിലവിൽ സ്റ്റോക്കിലുള്ള കാലാവധി കഴിഞ്ഞ മരുന്നുകൾ ഇനി വിതരണം ചെയ്യരുതെന്ന് ആരോഗ്യവിഭാഗം നിർദേശം നൽകിയിട്ടുണ്ട്.