കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തെ കണ്ട് അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞു തീർത്ത് മനാഫ്. അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമകളിൽ ഒരാളായ മനാഫിനെതിരെ കഴിഞ്ഞ ദിവസം അർജുന്റെ കുടുംബം രംഗത്ത് വന്നിരുന്നു. അപകടത്തിന് പിന്നാലെ മനാഫ് യൂട്യൂബ് ചാനൽ തുടങ്ങിയതും ഷിരൂരിലെ തെരച്ചിൽ വീഡിയോകൾ പോസ്റ്റ് ചെയ്തതും ഓൺലൈൻ ചാനലുകളിൽ നടത്തുന്ന അഭിമുഖങ്ങളിൽ അർജുന്റെ പേരിൽ നടത്തുന്ന പരാമർശങ്ങൾക്കുമെതിരെ കുടുംബം തുറന്നടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് തെറ്റിദ്ധാരണകൾ നീക്കാൻ മനാഫ് നേരിട്ട് എത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചത്.
തെറ്റിദ്ധാരണകളാണ് ഉണ്ടായത്. അത് സംസാരിച്ചു തീർത്തു. ഞാൻ എന്താണോ ഉദ്ദേശിച്ചത്. അത് അവരോട് പറഞ്ഞുകൊടുത്തു. അവർ ഉദ്ദേശിച്ചത് പൂർണമായി ഞാനും മനസിലാക്കുന്നു. ഇനി അങ്ങനെ സംഭവിക്കാത്ത രീതിയിൽ പറഞ്ഞുതീർത്തു. എല്ലാം കുടുംബമാണ് പല പ്രശ്‌നങ്ങളും സംഭവിച്ചേക്കാം. ഇരുന്ന് സംസാരിച്ചാൽ തീർക്കാവുന്ന വിഷയമേയുളളൂവെന്ന് മനാഫ് പറഞ്ഞു.
താൻ വാർത്താസമ്മേളനത്തിൽ പറഞ്ഞ കുറെ കാര്യങ്ങൾ ഉദ്ദേശിച്ചതല്ല ജനങ്ങളിലെത്തിയതെന്ന് അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ പറഞ്ഞു. തെരച്ചിലിൽ ആദ്യം മുതൽ ഉണ്ടായിരുന്ന ആളാണ് താൻ. സാധാരണക്കാരനാണ്. രാഷ്‌ട്രീയക്കാരനോ മീഡിയ ഇൻഫ്‌ളുവൻസറോ ഒന്നുമല്ല. സാധാരണ ഒരു ജിതിൻ ആണ്. അതുകൊണ്ടു തന്നെ പറഞ്ഞത് പൂർണമായി ആളുകളിൽ എത്തിക്കാനായില്ല.
സോഷ്യൽ മീഡിയയിൽ തന്നെ ചിലർ സംഘിയാക്കി, വർഗീയത ചാർത്തി. അവരോട് എന്താ പറയുകയെന്ന് ജിതൻ ചോദിച്ചു. എന്തിലും വിവാദമുണ്ടാക്കാൻ നോക്കി നിൽക്കുന്ന ആളുകളാണ് ഇതിന് പിന്നിൽ. ജിതിനെ അവഹേളിക്കുന്ന തരത്തിലുളള അഭിസംബോധനകളും കമന്റുകളും ആവർത്തിക്കരുതെന്ന് മനാഫും അഭ്യർത്ഥിച്ചു. തെറ്റിദ്ധരിക്കപ്പെട്ടതുകൊണ്ട് ഉണ്ടായ വിഷയമാണ്. ഇവിടെ നിർത്തണംമെന്നും മനാഫ് പറഞ്ഞു. ആ സമയത്ത് ഉണ്ടായ ബുദ്ധിമുട്ടുകൾ മനാഫ് മനസിലാക്കിയെന്നും ഉൾക്കൊണ്ടിട്ടുണ്ടെന്നും അർജുന്റെ സഹോദരനും പ്രതികരിച്ചു. സഹോദരനും ബിസിനസ് പങ്കാളിയുമായ മുബീനൊപ്പമാണ് മനാഫ് അർജുന്റെ വീട്ടിലെത്തിയത്.















