വീണ്ടും പ്രതികൂട്ടിലായി തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി). വിശ്വപ്രസിദ്ധമായ തിരുപ്പതി ലഡു തയ്യാറാക്കാനായി ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് ചേർത്തെന്ന കണ്ടെത്തലിന് പിന്നാലെ പ്രസാദത്തിൽ നിന്ന് പ്രാണിയെ കണ്ടെത്തിയതായി ആരോപണം. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും ടിടിഡി ആരോപണം നിഷേധിച്ചു.
ദർശനത്തിനെത്തിയ ചന്തുവെന്ന ഭക്തനാണ് ദുരനുഭവം ഉണ്ടായത്. ഉച്ചഭക്ഷണമായി കഴിച്ച തൈര് ചോറിൽ നിന്നാണ് പ്രാണിയെ ലഭിച്ചതെന്ന് അദ്ദേഹം ആരോപിക്കുന്നു. ഇതിന് പിന്നാലെ ഉദ്യോഗസ്ഥരിൽ ഒരാളോട് ഇത് സംബന്ധിച്ച് പരാതി പറഞ്ഞപ്പോൾ ചിലപ്പോൾ അങ്ങനെയൊക്കെ സംഭവിക്കുമെന്നാണ് മറുപടി ലഭിച്ചതെന്നും അത് തന്നെ ഞെട്ടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസാദത്തിൽ നിന്ന് പ്രാണിയെ ലഭിച്ചതിന്റെ വീഡിയോ..
വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ചതോടെ അധികൃതർ തന്നെ സമീപിച്ചെന്നും ചന്തു പറഞ്ഞു. വിളമ്പാൻ ഉപയോഗിച്ച ഇലയിൽ നിന്നാണ് പ്രാണി വന്നതെന്ന വിശദീകരണമാണ് അവർ നൽകിയത്. അശ്രദ്ധ അംഗീകരിക്കാനാവില്ലെന്നും കുട്ടികളോ മറ്റോ ആണ് ഈ ഭക്ഷണം കഴിക്കുന്നതെങ്കിൽ ഭക്ഷ്യവിഷബാധ പോലും ഉണ്ടാകുമായിരുന്നുവെന്നും ആര് ഉത്തരവാദിത്തം പറയുമെന്നും ചന്തു ചോദിക്കുന്നു. ടിടിഡി അധികൃതരുടെ അനാസ്ഥയാണിതെന്നും അംഗീകരിക്കാനാവില്ല. ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഭക്തർ അഭിപ്രായപ്പെട്ടു.
സംഭവം പുറംലോകത്തെ അറിയിച്ചതിന് പിന്നാലെ ക്ഷേത്ര ജീവനക്കാർ ഭീഷണിപ്പെടുത്തിയതായും ചന്തു പറയുന്നു. എന്നാൽ ടിടിഡിയെ അപകീർത്തിപ്പെടുത്താനും ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്താനുമുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ടിടിഡി നൽകുന്ന വിശദീകരണം. നേരത്തെ പ്രസാദത്തിൽ നിന്ന് പുകയില കഷ്ണങ്ങൾ കിട്ടിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളും ഭക്തർ പങ്കുവച്ചിരുന്നു.