തൃശൂർ: വെള്ള വസ്ത്രം ധരിച്ച് യാത്ര ചെയ്യുകയായിരകുന്ന ബൈക്ക് യാത്രികന്റെ ശരീരത്തിലേക്ക് ചെളി തെറിപ്പിച്ച് സ്വകാര്യ ബസ്. തൃശൂർ ചേർപ്പിലാണ് സംഭവം. പിന്നാലെ ബൈക്ക് യാത്രികനും നാട്ടുകാരും ചേർന്ന് ബസ് തടഞ്ഞു. തർക്കം ചെന്നെത്തിയത് പൊലീസ് സ്റ്റേഷനിൽ. അശ്രദ്ധമായി വാഹനമോടിച്ചതിന് 1,000 രൂപ പിഴയും ഈടാക്കി.
കരുവന്നൂർ രാജ കമ്പനി സ്റ്റോപ്പിന് സമീപമാണ് സംഭവം. വെള്ളാങ്ങല്ലൂർ സ്വദേശി അബ്ദുൾ ജബ്ബാർ ചൊവ്വൂരിലേക്ക് വരികയായിരുന്നു. ഇതിനിടെ ചെറിയപാലത്തിനും രാജ സ്റ്റോപ്പിനും ഇടയ്‌ക്കെത്തിയപ്പോൾ പിന്നാലെ വരികയായിരുന്ന എം.എസ് മേനോൻ എന്ന ബസ് കുഴിയിൽ ചാടി ചെളി തെറിപ്പിച്ച് കടന്നുപോയി.
പിന്നാലെ ഇയാൾ ബസിനെ പിന്തുടർന്ന് തടഞ്ഞുനിർത്തി. നാട്ടുകാരും ഇടപെട്ടു. ബൈക്ക് യാത്രികന് നഷ്ടപരിഹാരമായി ആയിരം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. ബസ് ജീവനക്കാർ തയ്യാറാകാതിരുന്നതോടെ തർക്കമായി, പിന്നാലെ പൊലീസെത്തി, ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തുടർന്ന് ബസ് ജീവനക്കാരിൽ നിന്ന് പിഴ ഈടാക്കി. അലക്ഷ്യമായി വാഹനമോടിച്ചതിന്ണ് പിഴ ചുമത്തിയത്.















