ലക്നൗ : ദുബായിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഉത്തർപ്രദേശ് സ്വദേശിനിയുടെ ശിക്ഷാനടപടികൾ റദ്ദാക്കി . ബന്ദ നിവാസിയായ ഷഹ്സാദിയുടെ ശിക്ഷാനടപടികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും , ഇന്ത്യൻ ഇന്ത്യൻ എംബസിയുടെയും ഇടപെടൽ മൂലം ഒഴിവായത് .
ഷഹ്സാദി തന്നെയാണ് ഈ വിവരം പിതാവിനെ ഫോണിൽ അറിയിച്ചത്. ദുബായ് കോടതിയുടെ ഉത്തരവിന്റെ പകർപ്പുകളും ഷഹ്സാദി കുടുംബാംഗങ്ങൾക്ക് അയച്ചിട്ടുണ്ട്. മകൾക്ക് വേണ്ടി ശബ്ദമുയർത്തിയ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നന്ദി അറിയിച്ചിരിക്കുകയാണ് പിതാവ് ഷബീർ .പ്രണയത്തിൽ കുടുങ്ങിയാണ് ഷഹ്സാദി വിദേശത്ത് എത്തിയത്.
ബാന്ദയിലെ മാതൗണ്ട് ഗോയ്‌റ മുഗ്ലി ഗ്രാമത്തിലെ താമസക്കാരിയാണ് ഷഹ്സാദി . റൊട്ടി ബാങ്കിൽ ജോലി ചെയ്തിരുന്ന അവർ അതിനിടെ ആഗ്രാ സ്വദേശിയായ ഉസൈറുമായി ഫേസ്ബുക്കിലൂടെ ബന്ധപ്പെടുകയും പ്രണയമാകുകയും ചെയ്തു. ഇതിനിടെ ഷഹ്സാദിയുടെ മുഖത്തിന് പൊള്ളലേറ്റു. ചികിത്സയ്‌ക്കെന്ന പേരിൽ ഉസൈർ ഷഹ്സാദിയെ ആഗ്രയിലേക്ക് വിളിപ്പിച്ചു. എന്നാൽ മനുഷ്യക്കടത്ത് ഏജന്റായ ഉസൈർ ഷഹ്സാദിയെ ചികിത്സിപ്പിക്കുന്നതിന് പകരം ആഗ്ര സ്വദേശികളും നിലവിൽ ദുബായിൽ താമസിക്കുന്നവരുമായ ഫായിസ്, നാദിയ ദമ്പതികൾക്ക് വീട്ടുവേലക്കാരിയായി നൽകുകയായിരുന്നു.
ദുബായിലെത്തിയ ഷഹ്സാദിയെ ഫായിസും ഭാര്യയും പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് ഷെഹ്‌സാദിയുടെ പിതാവ് ഷബീർ പറയുന്നു. ഇതിനിടെ ഫായിസിന്റെ 4 വയസ്സുള്ള മകൻ അസുഖം ബാധിച്ച് മരിച്ചു. എന്നാൽ ഈ മരണം ഷഹ്സാദിയുടെ കുറ്റം കൊണ്ടാണെന്ന് കാട്ടി ഫായിസ് ദുബായ് പോലീസിൽ പരാതി നൽകി . തുടർന്നാണ് ഷഹ്സാദി അറസ്റ്റിലാകുന്നത്. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിന് നാല് മാസം മുമ്പ് ദുബായ് കോടതി ഷഹ്സാദിയ്‌ക്ക് വധശിക്ഷ വിധിച്ചിരുന്നു.
തുടർന്ന് മകളെ രക്ഷിക്കാൻ സഹായിക്കണമെന്ന് പിതാവ് ഷബീർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും അഭ്യർത്ഥിച്ചിരുന്നു. കേന്ദ്ര ഗവൺമെൻ്റിന്റെ ഇടപെടലിനെ തുടർന്ന് സെപ്റ്റംബർ 21 ന് നടക്കേണ്ടിയിരുന്ന വധശിക്ഷ ദുബായ് കോടതി സ്‌റ്റേ ചെയ്യുകയും സെപ്തംബർ 29 ലേക്ക് മാറ്റുകയും ചെയ്തതായി ഷബീർ പറഞ്ഞു. തുടർ നടപടികൾക്കൊടുവിൽ ദുബായ് കോടതി ഷഹ്സാദിയ്‌ക്ക് മാപ്പ് നൽകുകയായിരുന്നു .