റഷ്യയിലെ കിനോ ബ്രാവോ ചലച്ചിത്ര മേളയിൽ മലയാള സിനിമാ മേഖലയ്‌ക്ക് അഭിമാനമായി മഞ്ഞുമ്മൽ ബോയ്സ്. ചലച്ചിത്ര മേളയിൽ ഇരട്ടനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. മികച്ച സംഗീതത്തിനുള്ള പുരസ്കാരമാണ് മഞ്ഞുമ്മൽ ബോയ്സിനെ തേടിയെത്തിയത്. സുഷീൻ ശ്യാമാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.
മഞ്ഞുമ്മൽ ബോയ്സ് കണ്ട് പല റഷ്യക്കാരും കരഞ്ഞെന്നും ചിത്രം കണ്ടിറങ്ങിയ ശേഷം നിരവധി ആളുകളാണ് അടുത്തെത്തി അഭിനന്ദനം അറിയിച്ചതെന്നും സംവിധായകൻ ചിദംബരം പറഞ്ഞു. നമ്മുടെ രാജ്യത്തേത് പോലെ വളരെ മികച്ച സ്വീകരണമാണ് റഷ്യയിലും ചിത്രത്തിന് ലഭിച്ചതെന്ന് നിർമാതാവ് ഷോൺ ആന്റണിയും പ്രതികരിച്ചു. നമ്മുടെ നാട്ടിൽ ആരംഭിച്ച കഥ ഇന്ന് റഷ്യയിൽ വന്ന് നിൽക്കുന്നുവെന്നും ഇത് അഭിമാനമായ നിമിഷമാണെന്നും ഷോൺ ആന്റണി പറഞ്ഞു.
റഷ്യൻ കിനോബ്രാവോ മേളയിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്. ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര മേളകളിലൊന്നാണ് കിനോബ്രാവോ. വിവിധ ഭാഷകളിൽ നിന്നായി ബോക്സോഫീസിൽ ഒന്നാം സ്ഥാനത്തെത്തിയ സിനിമകളാണ് പ്രദർശനത്തിന് പരിഗണിക്കുന്നത്. കിനോബ്രാവോയിൽ പ്രദർശിപ്പിക്കുന്ന സിനിമകൾ റഷ്യൻ, അന്തർദേശീയ മേഖലകളിൽ പ്രചരിപ്പിക്കുക എന്നത് ലക്ഷ്യമിട്ടാണ് മേള സംഘടിപ്പിക്കുന്നത്.
ഫെബ്രുവരി 22-ന് പുറത്തിറങ്ങിയ മഞ്ഞുമ്മൽ ബോയ്സ് ആഗോള ബോക്സോഫീസിൽ വലിയ കളക്ഷനാണ് നേടിയത്. 200 കോടി ക്ലബിൽ കയറിയ ആദ്യ മലയാള ചിത്രം കൂടിയായിരുന്നു മഞ്ഞുമ്മൽ ബോയ്സ്.