ലക്നൗ: 2025 മഹാകുംഭമേളയുടെ ലോഗോ പുറത്തിറക്കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രയാഗ് രാജിലെത്തിയ മുഖ്യമന്ത്രി സന്യാസിവര്യരുമായി ആശയവിനിമയം നടത്തുകയും മഹാകുംഭമേളയുടെ ഒരുക്കങ്ങൾ വിലയിരുത്തുകയും ചെയ്തു.
ജനുവരി 14 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാകുംഭമേള നടക്കുക. കുംഭമേളയുടെ പ്രധാന സ്നാനഘാട്ടുകളിൽ ഉൾപ്പെടെ മുഖ്യമന്ത്രി നേരിട്ട് സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. ജനുവരി 14 ന് മകരസംക്രാന്തിയിലും ജനുവരി 29 ന് മൗനി അമാവാസിയിലും ഫെബ്രുവരി 3 ന് വസന്ത പഞ്ചമി ദിനത്തിലുമാണ് മഹാകുംഭമേളയുടെ ഭാഗമായി പ്രധാന പുണ്യസ്നാനങ്ങൾ നടക്കുക.
12 വർഷത്തിലൊരിക്കലാണ് ഒരു പൂർണ്ണ കുംഭമേള നടക്കുക. അതുകൊണ്ടു തന്നെ ഇക്കുറി വിശ്വാസികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുകയെന്നാണ് വിലയിരുത്തൽ. ഡിസംബർ 15 നകം തീർത്ഥാടകർക്കുളള സൗകര്യങ്ങൾ പൂർണമായി ഒരുക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
വിശ്വാസികളുടെ സുരക്ഷ ഉറപ്പുവരുത്താനും കുംഭമേള പ്ലാസ്റ്റിക് മുക്തമാക്കാനും എഐ സാങ്കേതിക വിദ്യ ഉൾപ്പെടെ ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഹാശിവരാത്രി ഉൾപ്പെടെ പ്രധാന ആറ് ദിവസങ്ങളിൽ തീർത്ഥാടകർ കൂടുതൽ ദൂരം നടക്കേണ്ടി വരുന്നതുൾപ്പെടെയുളള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 700 ഇലക്ട്രിക് ബസുകളാണ് തീർത്ഥാടകർക്ക് ഗതാഗതമൊരുക്കാൻ വിന്യസിക്കുക.
2013 ലെ കുംഭമേളയുടെ ഇരട്ടിയിലധികം സ്ഥലം ഇത്തവണ തീർത്ഥാടകരുടെ സൗകര്യങ്ങൾക്കായി വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രദേശത്തെ ശുചിത്രം ഉറപ്പുവരുത്താനും ഗംഗയും യമുനയും മലിനമാക്കപ്പെടുന്നത് തടയാനും വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. മലിനജലം ഉൾപ്പെടെ സംസ്കരിച്ച ശേഷമാകും പുറത്തേക്ക് ഒഴുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.