ന്യൂഡൽഹി: ആണവായുധങ്ങൾ പോലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ലോകത്തിന് വലിയ ഭീഷണിയായി മാറുന്ന സാഹചര്യമുണ്ടായേക്കാമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്തും, ധനകാര്യ മന്ത്രാലയവും ചേർന്ന് സംഘടിപ്പിച്ച കൗടില്യ കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐ എന്നത് ഇപ്പോൾ എല്ലാവരെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ട ഒന്നായിരിക്കുമെന്നും, എന്നാൽ അതിന്റെ അനന്തരഫലങ്ങൾ നേരിടാൻ രാജ്യങ്ങൾ തയ്യാറായിരിക്കണമെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.
” ആഗോള തലതലത്തിൽ ആവാസവ്യവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന ഘടകമായി എഐ മാറും. പക്ഷേ ആണവബോംബുകൾ എങ്ങനെയാണോ അത് പോലെ തന്നെ എഐ ലോകത്തിന് വലിയ ഭീഷണിയായി മാറുകയും ചെയ്യും. എല്ലാ രാജ്യങ്ങളും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം. മാറ്റങ്ങളുണ്ടാകുമ്പോൾ തൊഴിൽ നഷ്ടങ്ങൾ ഉൾപ്പെടെ പല പ്രതികൂല ഘടകങ്ങൾക്കും ആളുകൾ ഇതിനെ കുറ്റപ്പെടുത്തുന്നു. പക്ഷേ മാറ്റങ്ങൾ സംഭവിക്കുന്നിടത്തോളം കാലം ഈ പ്രശ്‌നങ്ങളും നിലനിൽക്കും.
ഇന്നത്തെ കാലഘട്ടത്തിൽ ഓരോ പ്രശ്‌നങ്ങളും ഐക്യരാഷ്‌ട്രസഭയ്‌ക്ക് കൃത്യമായ ഇടപെടലുകൾ നടത്താനാകുന്നില്ല. അവർ വെറും കാഴ്ചക്കാരായി മാറിയിരിക്കുകയാണ്. കാലത്തിനനുസരിച്ച് മാറാൻ അവർ തയ്യാറാകുന്നില്ല. പലയിടങ്ങളിലും ഇന്നിപ്പോൾ നടക്കുന്ന സംഘർഷങ്ങളും ഏറ്റുമുട്ടലുകളും കരയ്‌ക്കും കടലിനുമൊക്കെ വേണ്ടിയാണ്. ഭാവിയിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരിലും അങ്ങനെ സംഭവിക്കാമെന്നും” ജയശങ്കർ വ്യക്തമാക്കി.















