ന്യൂഡൽഹി; ഇന്ത്യയുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന യാതൊന്നും മാലദ്വീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുഹമ്മദ് മുയിസുവിന്റെ പ്രതികരണം. ഇന്ത്യ മാലദ്വീപിന്റെ അടുത്ത സുഹൃത്തും പങ്കാളിയുമാണെന്ന് ആവർത്തിച്ച മുയിസു, പരസ്പര ബഹുമാനത്തിലാണ് ബന്ധങ്ങൾ ഉയർത്തുന്നതെന്നും ചൂണ്ടിക്കാട്ടി. പ്രാദേശിക സ്ഥിരത ഉറപ്പാക്കുമെന്നും, ഇന്ത്യയുമായി ശക്തമായ നയതന്ത്രബന്ധം തുടരുമെന്നും മുയിസു വ്യക്തമാക്കി.
” ഇന്ത്യയുമായി ദീർഘകാലമായുള്ള ബന്ധമാണ് മാലദ്വീപിനുള്ളത്. ഇതിന് എല്ലായ്‌പ്പോഴും മുൻഗണന കൊടുക്കുന്നത് തുടരും. മറ്റ് രാഷ്‌ട്രങ്ങളുമായുള്ള ഞങ്ങളുടെ ഇടപെടലുകൾ ഒരു രീതിയിലും ഇന്ത്യയുടെ സുരക്ഷാ താത്പര്യങ്ങളെ പ്രതികൂലമായി ബാധിക്കില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് അടുത്ത കാലത്തായി നടത്തിയിട്ടുള്ളത്. പരസ്പരം പ്രയോജനകരമായ രീതിയിൽ പങ്കാളിത്തം വർദ്ധിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും ഈ യാത്രയിലൂടെ ഉറപ്പാക്കും.
എന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനമാണിത്. ഈ ക്ഷണത്തിന് പ്രസിഡന്റ് ദ്രൗപദി മുർമുവിനും ഇവിടുത്തെ സർക്കാരിനും നന്ദി അറിയിക്കുകയാണ്. ഈ വർഷം ജൂണിൽ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനും ഇന്ത്യ സന്ദർശിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധമെന്നത് ഒരു മരത്തിന്റെ വേരുകൾ പോലെ കൂടിച്ചേർന്ന് കിടക്കുന്നതാണ്. വളരെ നാളുകളായി ഈ സന്ദർശനത്തിന് തയ്യാറെടുക്കുകയായിരുന്നു. മാലദ്വീപ്-ഇന്ത്യ ബന്ധം എല്ലാക്കാലത്തും ശക്തമായി തന്നെയാണ് മുന്നോട്ട് പോയിട്ടുള്ളത്. ഈ സന്ദർശനം അതിനെ കൂടുതൽ ശക്തിപ്പെടുത്തും.
മാലദ്വീപിന്റെ ഏറ്റവും വലിയ വ്യാപാര വികസന പങ്കാളികളിൽ ഒരാളാണ് ഇന്ത്യ. ഇരുരാജ്യങ്ങളും ഇപ്പോൾ പരസ്പരമുള്ള മുൻഗണനകളെ കുറിച്ചും ആശങ്കകളെ കുറിച്ചുമെല്ലാം നന്നായി മനസിലാക്കിയിട്ടുണ്ട്. അടുത്ത് കാലത്ത് സംഭവിച്ച ചില മാറ്റങ്ങൾ പ്രാദേശിക മുൻഗണനകളും ദേശീയ താത്പര്യങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് സംഭവിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യയും ഇവിടുത്തെ ജനങ്ങളും ഇത് മനസിലാക്കുമെന്നാണ് ഞാൻ കരുതുന്നത്.
ഇന്ത്യയുമായി നിലവിൽ ശക്തമായ ബന്ധം ഞങ്ങൾക്കുണ്ട്. അതിൽ സന്തോഷമുണ്ട്. കാരണം ഇത് കൂടുതൽ ശക്തിപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു. വിദേശകാര്യ മന്ത്രി ജയശങ്കറിന്റെ മാലദ്വീപ് സന്ദർശന വേളയിൽ പ്രഖ്യാപിച്ച പദ്ധതികൾ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നതാണ്. പരസ്പരമുള്ള ബഹുമാനത്തിൽ അധിഷ്ഠിതമായ ബന്ധമാണിത്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ സുരക്ഷയെ തകർക്കുന്ന ഒന്നും മാലദ്വീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. മാലദ്വീപിന്റെ വികസനത്തിന് ഇന്ത്യക്കാർ വലിയ സംഭാവനകൾ നൽകുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളെ മാലദ്വീപ് സ്വാഗതം ചെയ്യുകയാണെന്നും” മുഹമ്മദ് മുയിസു പറഞ്ഞു.















